Friday, August 15

സഹോദരിയെ കുത്തി ജീവനോടെ കത്തിച്ചു, മാതാപിതാക്കൾക്ക് വിസ്മയയോട് അമിത സ്നേഹമെന്ന് ജിത്തു

കൊച്ചി: വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു


വിസ്മയയുടെ കൊലപാതകത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. ഇതേച്ചൊല്ലി വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

വിസ്മയയെ കത്തിച്ചത് ജീവനോടെയെന്ന് പൊലീസ് കണ്ടെത്തി. വഴക്കിനെ തുടർന്ന് വിസ്മയയെ ആദ്യം കുത്തി പരിക്കേൽപ്പിച്ചു. നിരവധി തവണ കുത്തിയിരുന്നതായാണ് മൊഴി. കുത്തേറ്റ് വിസ്മയ കട്ടിലിൽ ഇരുന്നു. അപ്പോൾ സോഫ സെറ്റിയുടെ ഹാന്റ്സെറ്റ് ഉപയോഗിച്ച് വിസ്മയയെ ക്രൂരമായി മർദ്ദിച്ചു. ഇതിന് ശേഷം വിസ്മയയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് ജിത്തു തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഇട്ടിരുന്ന വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച് വീടിന്റെ പുറക് വശത്തുകൂടെ യുവതി റോഡിലേക്കിറങ്ങി.

ആദ്യം വീടിന് മുൻവശത്തെ ഗേറ്റ് പൂട്ടിയാണ് പിൻവശത്തെ ഗേറ്റ് വഴി പുറത്ത് കടന്നത്. എടവനക്കാടേക്ക് ബസിൽ പോയ ജിത്തു, ബസിലെ മറ്റൊരു യാത്രക്കാരിയോട് പത്ത് രൂപ ചോദിച്ചു. എടവനക്കാട് എത്തിയ ശേഷം കൈവശമുണ്ടായിരുന്ന വിസ്മയയുടെ ഫോണിലെ സിം ഒടിച്ച് കളഞ്ഞു. ഇതിന് ശേഷം രണ്ട് കാറുകളിൽ ലിഫ്റ്റ് ചോദിച്ച് എറണാകുളത്തെത്തി. താൻ എറണാകുളത്തേക്ക് പോവുകയാണെന്നും ബസ് കാശ് നൽകാൻ പണമില്ലെന്നുമാണ് യുവതി പറഞ്ഞത്.

രാത്രി മേനക ജങ്ഷനിൽ എത്തിയ ജിത്തു പല ഹോട്ടലുകളുടെയും ലോബിയിലാണ് കഴിഞ്ഞതെന്നും പൊലീസിനോട് പറഞ്ഞു. അപരിചിതരോട് സംസാരിച്ചിരുന്നില്ല. നേരത്തെ താമസിച്ച ഹോട്ടലിലെ ജീവനക്കാരനോട് വാങ്ങിയ നൂറ് രൂപയായിരുന്നു ജിത്തുവിന്റെ കൈയ്യിൽ ആകെയുണ്ടായിരുന്നത്. വിസ്മയയുമായുണ്ടായ സംഘർഷത്തിനിടെ കൈയ്യിലേറ്റ മുറിവ് അടുത്ത ദിവസം രാവിലെയായപ്പോഴേക്കും പഴുത്തു. ഇത് സ്വകാര്യ ആശുപത്രിയിൽ വെച്ച് കെട്ടിവെച്ചു. എന്നാൽ ഇവിടെയും പണം കൊടുത്തിരുന്നില്ല.

ആ ദിവസം വൈകുന്നത് വരെ കഴിയാൻ കൈയ്യിലുണ്ടായിരുന്ന നൂറ് രൂപയാണ് ജിത്തുവിന് സഹായമായത്. രാത്രി വൈകി മേനക ജങ്ഷനിലെത്തിയ ജിത്തുവിനെ പൊലീസ് കൺട്രോൾ റൂം പട്രോളിങ് സംഘം കണ്ടു. ഇവരാണ് ജിത്തുവിനെ കാക്കനാട്ടെ അഭയ കേന്ദ്രത്തിലാക്കിയത്. ലക്ഷദ്വീപ് സ്വദേശിയാണ് താനെന്നായിരുന്നു ജിത്തു ഈ പൊലീസ് സംഘത്തോട് പറഞ്ഞത്. മാസ്ക് ധരിച്ചിരുന്നതിനാൽ തങ്ങൾ തേടിക്കൊണ്ടിരിക്കുന്ന കൊലയാളിയാണ് മുന്നിലുള്ളതെന്ന് മനസിലാക്കാൻ പൊലീസിനും സാധിച്ചില്ല. ഇന്ന് രാവിലെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി പൊലീസ് പറവൂർ സ്റ്റേഷനിലേക്ക് മടങ്ങി. തന്നെ മാതാപിതാക്കൾ അവഗണിച്ചുവെന്നാണ് ജിത്തുവിന്റെ ആരോപണം.

error: Content is protected !!