
എ ആർ നഗർ : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറത്ത് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുന്നുംപുറം അങ്ങാടിയിൽ ചേളാരി ട്രേഡേർസ് പ്രവർത്തിക്കുന്ന കണ്ടൻചിറ ടവറിന് പിറക് വശത്ത് കെ.സി. അബ്ദുറഹ്മാൻ്റെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സച്ചിൻ, ഭാര്യ പ്രീതി, മക്കളായ കൃഷ്, സൗമ്യ എന്നിവരാണ് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ വീടിനും വീട്ടിനുള്ളിലെ വിലപിടിപ്പുള്ള സാധനസാമഗ്രികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭയാനകമായ ശബ്ദത്തോടെയുള്ള വീഴ്ചയുടെ ആഘാതത്തിൽ മേൽക്കൂരയിൽ നിന്നും ഓടും പട്ടികയും കഴുക്കോലും ഒന്നൊന്നായി താഴേക്ക് പതിച്ചപ്പോഴാണ് സച്ചിനും കുടുംബവും ഉറക്കിൽ നിന്നുണർന്നത്. അവരുടെ ഉറക്കം വീടിൻ്റെ വടക്കെ അറ്റത്തെ ചെറിയൊരു മുറിയിലായിരുന്നത് കൊണ്ട് മാത്രം മേൽക്കൂരയിൽ നിന്നുള്ള ഓടും പട്ടികയും കഴുക്കോലും തലയിൽ പതിച്ചില്ല.
നേരം പുലരുന്നത് വരെ ഭീതിയിൽ കഴിഞ്ഞ സച്ചിനും കുടുംബവും രാവിലെ വിവരമറിഞ്ഞ് എത്തിയ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആശ്വാസവചനങ്ങളിലും സമയോചിതമായ ഇടപെടലിലും ഏറെ സന്തുഷ്ടരായി.