തിരൂരങ്ങാടി: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മയിലും വെഞ്ചലിയിലെ കൗണ്സിലർ കെ.പി.സൈതലവി (തലൈവർ) യും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. നഗരസഭ യോഗത്തിലും തുടർന്ന് ഓഫീസിൽ വെച്ചും തർക്കമുണ്ടായി. സംഭവം സ്ഥലത്തെത്തിയ വാർഡിലെ ലീഗ് പ്രവർത്തകൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. താലൂക് ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ചാണ് തർക്കം. മലിന ജലം നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധമായി കൗണ്സിലർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലത്രേ. പിന്നീട് യോഗ ശേഷവും ചോദിച്ചപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗണ്സിലരോട് മോശമായി പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തത്രേ. ഇതിനിടയിൽ ഓഫീസിലേക്ക് വന്ന വാർഡിലെ മുസ്ലിം ലീഗ് ഭാരവാഹി സംഭവം കണ്ടതോടെ ഇടപെടുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. തർക്കം വലിയ ബഹളമായതോടെ മറ്റുള്ളവർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. മുൻസിപ്പൽ ലീഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഇസ്മയിലെനെതിരെ വാർഡ് കമ്മിറ്റി പരാതി നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് മണ്ഡലം ലീഗ് കമ്മിറ്റി ഇടപെടുകയും ഇരു കൂട്ടരെയും വിളിച്ചു പ്രശ്നം പറഞ്ഞു തീർക്കുകയും ചെയ്തു. ഇസ്മയിലിന്റെ പ്രവർത്തന രീതിയെ കുറിച്ചു മണ്ഡലം കമ്മിറ്റി വിമർശിച്ചതായും താക്കീത് നൽകിയതായും സൂചനയുണ്ട്.