തിരൂർ : തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാർ നാട് വിട്ടത് ബ്ലാക്ക് മെയിലിംഗ് കാരണമാണെന്ന് മൊഴി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
പിടിയിലായ മൂന്നുപേർക്ക് പുറമെ കൂടുതൽ പേർക്ക് കേസില്‍ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. കോട്ടക്കൽ രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീല്‍ദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ പി.ബി. ചാലിബില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് ബ്ലാക്മെയിലിങ്ങിൻ്റെ കഥ പുറത്തുവന്നത്. ചാലിബിനെ കാണാതായതിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 10 ലക്ഷത്തോളം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. ഇതെല്ലാം സംശയത്തിന് ഇടയാക്കിയിരുന്നു. തഹസില്‍ദാർ നല്‍കിയ മൊഴിയിലാണ് ബ്ലാക്ക് മെയിലിങ്ങ് കാര്യം ഉള്ളത്.
തന്നെ പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് മൂന്നംഗ സംഘം ചാലിബില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മൊഴിയിലുള്ളത്. അതുമാത്രമല്ല, തുടർച്ചയായി വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായ മാനസികാവസ്ഥായില്‍ നാടുവിട്ടു എന്നാണ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത് ബ്ലാക്ക് മെയിലിങ്ങ് മാത്രമല്ല, സദാചാര സംഭവം പോലെയുള്ള വിഷയമാണെന്നാണ്. എന്നാല്‍ ചാലിബ് പോക്സോ കേസില്‍ ഉള്‍പ്പെട്ടതായി പരാതിയോ മറ്റോ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഏതെങ്കിലും പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചതായോ പെരുമാറിയതായോ പൊലീസിനും കണ്ടെത്താനായിട്ടില്ല. അതിനാല്‍ 10,30000 രൂപ എന്തിന് നല്‍കിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
എന്തിനാണ് ഇത്രയും രൂപ നല്‍കിയതെന്നുള്ള ചോദ്യത്തിന് പോക്സോ കേസ് ആരോപണം വന്നാല്‍ താൻ അതില്‍ ഉള്‍പ്പെട്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുമെന്ന വിചിത്രമായ മറുപടിയാണ് ചാലിബ് നല്‍കുന്നത്. വീട്ടിലും സമൂഹത്തിലും കുറച്ചുപേരെങ്കിലും തന്നെ മോശക്കാരായി ചിത്രീകരിക്കും. മൂന്നു തവണയായാണ് പണം നല്‍കിയത്. ആദ്യഘട്ടത്തില്‍ കുറച്ച് പണം നല്‍കി. അതില്‍ നിർത്താതെ വന്നപ്പോള്‍ വീണ്ടും പണം നല്‍കിയെന്നാണ് ചാലിബ് പറയുന്നത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴുണ്ടായ പ്രതിസന്ധിയിലാണ് നാടുവിട്ടതെന്നും തഹസീല്‍ദാർ വ്യക്തമാക്കി. എന്നാല്‍ വിചിത്രമായ ഈ മൊഴികളാണ് പൊലീസ് അന്വേഷിക്കുന്നത്.
തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബിനെ കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസില്‍ പരാതി നല്‍കിയത്. മൊബെല്‍ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൂന്നാം നാള്‍ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തി. പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.