വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം

വണ്ടൂർ : വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എ പി അനിൽകുമാർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എ മുബാറക് അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. മലയോര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്.

കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. കരുവാരക്കുണ്ട് പഞ്ചായത്തിൽ 52ഉം കാളികാവ് പഞ്ചായത്തിൽ 29ഉം ചോക്കാട് പഞ്ചായത്തിൽ 10 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം എട്ട്, അഞ്ച്, 12 എന്നിങ്ങനെയായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുകിന്റെ ഉറവിട നശീകരണത്തിന് ശ്രദ്ധ നൽകണം. രോഗവ്യാപനം കൂടുതലായ സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. തോട്ടങ്ങളിൽ നിന്നാണ് മലയോര മേഖലയിൽ രോഗം വ്യാപിക്കുന്നത്. റബ്ബർ തോട്ടത്തിലെ ചിരട്ട, കൊക്കോ, ജാതി എന്നിയുടെ തോട് ഇവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ ഇടവരുന്നുണ്ട്. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും യോഗത്തിൽ നിർദേശിച്ചു. തോട്ടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ വേണമെന്നും ഡി എം ഒ ഡോ. ആർ രേണുക അറിയിച്ചു.

ഡെങ്കി, ചിക്കുൻഗുനിയ പോലെയുള്ള കൊതുകുജന്യരോഗങ്ങൾ തടയാൻ അവയുടെ ഉറവിടംതന്നെ നശിപ്പിക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികളും മണിപ്ലാന്റും ഫ്രിഡ്ജിന്റെ ട്രേയും കൊതുകിന്റെ ഉറവിടമാണ്. വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് എലിപ്പനി പടരാനും സാധ്യത കൂടുതലാണ്. മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, കളിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യപ്രവർത്തകരുടെ ഉപദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.

തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജ്യോതി, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടി, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സിത്താര, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ടീച്ചർ, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രാമൻ, പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മുഹമ്മദ് ബഷീർ, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ടികെ ഗോപി, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ, നിലമ്പൂർ തഹസിൽദാർ എ ജയശ്രീ, വണ്ടൂർ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വി ജയരാജൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി ഷുബിൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ കെ റിയാസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റ് മുഹമ്മദ് അഷ്‌റഫ്, ഹെൽത്ത് സൂപ്പർ വൈസർ മനോജ് എന്നിവർ സംസാരിച്ചു.

error: Content is protected !!