Tuesday, October 14

നാട് മാറുന്നതില്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രം പ്രയാസം ; മുഖ്യമന്ത്രി പിണറായി വിജയന്‍

നാട്ടില്‍ മാറ്റമുണ്ടാവുന്നതില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് നാടിന്റെ മാറ്റത്തില്‍ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാറിന് നല്‍കുന്നത്.കേരളത്തില്‍ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവര്‍ക്കുള്ള 600 രൂപ പെന്‍ഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാഷനല്‍ ഹൈവേ അതോറിറ്റിയും ഗെയിലും പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഇവിടെ ഒന്നും നടക്കില്ലെന്ന് കണ്ട് യുഡിഎഫ് കാലത്ത് ഓഫീസും പൂട്ടിപ്പോയിയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴുവര്‍ഷം കൊണ്ട് നാടാകെ മാറി. ദേശീയപാതവികസന പ്രവൃത്തി നടക്കുന്നത് എല്ലാവരും കാണുകയാണ്. ഗെയില്‍ പദ്ധതിയും എടമണ്‍ – കൊച്ചി പവര്‍ ഹൈവേയും പൂര്‍ത്തിയാക്കി. ക്ഷേമ പെന്‍ഷന്‍ 1600 രൂപ കൃത്യമായി വിതരണം ചെയ്യുന്നു. എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് സാധിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ മൂന്നരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. വ്യാവസായിക രംഗത്തും ഐടി മേഖലയിലും വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എട്ടുമാസം കൊണ്ടുണ്ടായി. പുതിയ ഐടി പാര്‍ക്കുകളും സയന്‍സ് പാര്‍ക്കുകളും വരുന്നു. തീരദേശ – മലയോര ഹൈവേകളും കോവളം – ബേക്കല്‍ ജലപാതയുടെ നിര്‍മാണവും പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!