കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിൽ ലൈബ്രറി പദ്ധതിയുമായി കടുവള്ളൂർ സ്കൂൾ

നന്നമ്പ്ര: വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌കൂൾ പഠനത്തോടൊപ്പംതന്നെ വായനാശീലവും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ ഭാഷാ പരിജ്ഞാനവും അറിവുമാണ് ലക്ഷ്യമിടുന്നത്.
‘ഇക്കോ ഫ്രണ്ട്ലി കലാലയം’ എന്നപേരിൽ പ്രസിദ്ധിനേടിയ കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ്ജില്ലയിൽ ഏറെ മുൻപന്തിയിലാണ് നിൽക്കുന്നത്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്നത് ഈ സ്‌കൂളാണ്.
നേരത്തെത്തന്നെ ഓരോ ക്ലാസിലും കുട്ടികൾക്ക് വായിക്കാൻ നിരവധി പുസ്തകങ്ങളുമായി വായനാമൂലയും ഒരുക്കിയിട്ടുണ്ട്. അക്ഷരങ്ങൾ കോർത്ത്
അക്ഷരങ്ങൾ കോർത്ത് സ്‌കൂൾ മുറ്റത്തെ മരങ്ങളിൽ അക്ഷരമരങ്ങൾ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾ വായിച്ച പുസ്തകങ്ങളെ അസംബ്ലിയിൽ പരിചയപ്പെടുത്തുന്ന പദ്ധതിയും നിലവിലുണ്ട്.
എല്ലാവർഷവും അമ്മമാർക്ക് വായനാകുറിപ്പ് മൽസരം നടത്തിവരുന്നുണ്ട്. രക്ഷിതാക്കളിൽ വായനാശീലം വർധിപ്പിക്കുന്നതിനുവേണ്ടി രണ്ടായിരത്തോളം പുസ്‌തകങ്ങളുമായി സ്‌കൂളിൽ ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
സ്‌കൂൾ ഹെഡ് മാസ്റ്റർ എ.പി അബ്ദുസ്സമദ്, എഴുത്തുകാരിയും സ്‌കൂൾ അധ്യാപികയുമായ കെ.എം ഹാജറ, ഉഷ ടീച്ചർ, മുനീർ മാസ്റ്റർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സ്‌കൂളിൽ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വായനാ ശീലത്തോടൊപ്പം അറിവ് വർധിപ്പിക്കാനും സഹായകമാവുമെന്ന് അബ്ദുസ്സമദ് മാസ്റ്റർ പറഞ്ഞു.

error: Content is protected !!