പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്

കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ 
ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകള്‍. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി. 


ആദ്യ പകുതി
കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ടില്‍ പഞ്ചാബിന് ആദ്യ അവസരം. പ്രതിരോധനിര വരുത്തിയ പിഴവില്‍ പഞ്ചാബിന്റെ സ്‌ട്രൈക്കര്‍ ഇന്ദ്രവീര്‍ സിങ്ങിന് ലഭിച്ച പന്ത് ഗോളിന് ശ്രമിച്ചെങ്കിലും പ്രതിരോധ താരങ്ങളുടെ ശരീരത്തില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. 12 ാം മിനുട്ടില്‍ പഞ്ചാബ് ലീഡെടുത്തു. പ്രതിരോധം വരുത്തിയ പിഴവില്‍ വലത് വിങ്ങില്‍ നിന്ന് മന്‍വീറിന് ലഭിച്ച പന്ത് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. കേരളാ ഗോള്‍കീപ്പര്‍ മിഥുന്‍ സേവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി ഗോളായി മാറുകയായിരുന്നു.നിമിഷം നിശബ്ദമായി. പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കേരളാ ആരാധകര്‍ ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച കേരളത്തിന് 14 ാം മിനുട്ടില്‍ അവസരം ലഭിച്ചു. സല്‍മാന്‍ അടിച്ച പന്ത് പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിഅകറ്റി. തുര്‍ന്നുള്ള മിനുട്ടിലും കേരളത്തിന് അവസരം. അര്‍ജുന്‍ അടിച്ച പന്ത് പുറത്തേക്ക് പോയി. പിന്നീട് അധികം നേരം കേരളത്തിന് കാത്തിരിക്കേണ്ടി വന്നില്ല. 17 ാം മിനുട്ടില്‍ സമനില പിടിച്ചു. അര്‍ജുന്‍ ജയരാജ് മനോഹരമായി ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ ബോള്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. ജിജോ ജോസഫിന് കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അത്രമനോഹരമായിരുന്നു അര്‍ജുന്‍ നല്‍കിയ ഗോള്‍. ചാമ്പ്യന്‍ഷിപ്പിലെ ജിജോയുടെ നാലാം ഗോള്‍. 22 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസില്‍ പഞ്ചാബ് താരം മന്‍വീര്‍ സിങ് ഫ്‌ളയിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 24 ാം മിനുട്ടിൽ  കേരളത്തിന് മറ്റൊരു അവസരം. വലതു വിങ്ങില്‍ നിന്ന് റാഷിദ് നല്‍ക്കിയ ക്രോസില്‍ ക്യാപ്റ്റന്‍ ജിജോ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 33 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് അര്‍ജുന്‍ എടുത്ത ഫ്രികിക്ക് ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 36 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ബോക്‌സ് ലക്ഷ്യമാക്കി ജിജോ നല്‍കിയ പാസ് സ്വീകരിച്ച് വിക്‌നേഷ് ഗോളിന് ശ്രമിക്കവേ പഞ്ചാബ് പ്രതിരോധ താരം രജത്ത് സിങ് രക്ഷകനായി. ആദ്യ പകുതിയുടെ അധിക സമയത്ത് വലത് വിങ്ങില്‍ നിന്ന് കേരളത്തിന് വീണ്ടും ഫ്രികിക്ക് ലഭിച്ചു. അര്‍ജുന്‍ എടുത്ത ഫ്രീകിക്ക് വളഞ്ഞ് പഞ്ചാബിന്റെ പോസ്റ്റില്‍ തട്ടി പുറത്തേക്ക്.


രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം അറ്റാകിങ് ആരംഭിച്ചു. 46 ാം മിനുട്ടില്‍ ഷികില്‍ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച വിക്‌നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും കീപ്പര്‍ തട്ടിഅകറ്റി. പ്രത്യാക്രമണത്തില്‍ പഞ്ചാബിന് അവസരം ലഭിച്ചു. എന്നാല്‍ മിഥുന് പകരക്കാരനായി ഇറങ്ങിയ ഹജ്മന്‍ അതിമനോഹരമായി തട്ടിഅകറ്റി. 53 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ മനോഹരമായ ക്രോസ് ഷികില്‍ ഹെഡറിന് ശ്രമിച്ചു. പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. തുടര്‍ന്നും വിങ്ങിലൂടെ മുന്നേറി നൗഫല്‍ ബോക്‌സിലേക്ക് നിരവധി ക്രോസ് ചെയ്‌തെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 83 ാം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് മുഹമ്മദ് ഷഹീഫിന്റെ 30 വാര അകലെനിന്നുള്ള ഷോട്ട് ഗോള്‍ പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. 86 ാം മിനുട്ടില്‍ കേരളം ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് സഞ്ചു നല്‍കിയ പാസ് ബോക്‌സില്‍ പഞ്ചാബ് പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിന്നിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ചെസ്റ്റില്‍ ഇറക്കി ഗോളാക്കി മാറ്റി. ജിജോയുടെ ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം ഗോള്‍.

error: Content is protected !!