
താനൂർ: താനൂരിൽ നിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലേക്ക് ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീം (26) നെയാണ് താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സാമൂഹിക മാധ്യമ ആപ്പായ ഇൻസ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാൾ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പർ നിരീക്ഷിച്ചതിൽ നിന്നും ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്ന് വ്യക്തമായിരുന്നു. താനാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമായി സഹകരിച്ചിരുന്ന ഇയാളെ ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതൽ തടവിൽ വെച്ച ഇയാൾക്ക് ചോദ്യം ചെയ്യലിൽ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെ പരാതികളിന്മേൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഫോൺ വഴി പിൻതുടർന്ന് ശല്യം ചെയ്തതിനു കുട്ടികളുടെ മൊഴിയുടെയടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചേർത്ത മറ്റൊരു കേസും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ലൈംഗിക ക്ഷമത പരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കിയതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.