വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബശ്രീ കേരള ചിക്കന്‍: ആദ്യ ഔട്ട്ലൈറ്റ് പ്രവര്‍ത്തനം തുടങ്ങി

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് കോഡൂര്‍ ഉര്‍ദു നഗറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താനും നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുമുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ, മൃഗ സംരക്ഷണ വകുപ്പ്, കെപ്പ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കര്‍ഷകര്‍ക്ക്, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കും. പിന്നീട് വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെ തിരികെ എടുത്ത് കേരള ചിക്കന്‍ ഔട്ടിലെറ്റുകള്‍ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.

വളര്‍ത്തു കൂലിയിനത്തില്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് സ്ഥിര വരുമാനം ലഭ്യമാക്കുക എന്നതാണ് കേരള ചിക്കന്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. വ്യക്തിഗത സംരംഭമായും നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പ് സംരംഭമായും കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് കേരള ചിക്കന്‍ ഫാം തുടങ്ങാം.

കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ഡി ഷബ്ന, ജില്ലാ പഞ്ചായത്ത് അംഗം സെലീന ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, കോഡൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ക്ഷമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അരിക്കത്ത്, വാര്‍ഡ് മെമ്പര്‍ എം ജൂബി, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ഫാം ലൈവ്ലി ഹുഡ്‌സ് ജില്ലാ പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!