തിരൂരങ്ങാടി: 200 കോടിയിലേറെ രൂപ ചിലവാക്കി നാടുകാണി – പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കിയപ്പോൾ അത്യാവശ്യമായ സ്ഥലത്ത് കൈവരി സ്ഥാപിക്കാതെ കരാറകാരുടെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ. ഏറ്റവും തിരക്ക് പിടിച്ച തിരൂരങ്ങാടി ടൗണിൽ മാത്രം കൈവരി സ്ഥാപിച്ചില്ല. പരപ്പനങ്ങാടി, വേങ്ങര ഭാഗങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോലും കൈവരി സ്ഥാപിച്ചവരാണ് ഏറ്റവും അത്യാവശ്യമായി വേണ്ട തിരൂരങ്ങാടി യിൽ സ്ഥാപിക്കാതെ പ്രവൃത്തി നിർത്തി വെക്കുന്നത്. 3 എൽ പി സ്കൂളുകൾ, 2 വീതം യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജ്, അറബിക് കോളേജ്, മദ്രസകൾ, പാരലൽ കോളേജുകൾ എന്നിവയുടെങ്ങളിൽ നിന്നായി പതിനായിരത്തോളം വിദ്യാർതികൾ ആശ്രയിക്കുന്ന ടൗണാണിത്. ഇതിന് പുറമെ മറ്റു വഴിയാത്രക്കാരും. തിരക്ക് പിടിച്ച ടൗണിൽ റോഡിന് വീതി കുറവാണ്. ഡ്രൈനേജ് റോഡിന്റെ ഉയരത്തിൽ ആയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഫുട്പാത്തിലൂടെയാണ് പോകുന്നത്. ഇതു കാരണം കാൽ നദ യാത്രക്കാർക്ക് സുരക്ഷിതമായി വഴി നടക്കാൻ പോലും പറ്റുന്നില്ല. ഇവിടെ കൈവരി വേണമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന കാര്യമാണ്. എന്നിട്ടും ഇവിടെ മാത്രം കൈവരി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഊരാളുങ്ങൽ സൊസൈറ്റിയാണ് കരാറുകാർ.
ഇതേ തുടർന്ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ കൈവരി സ്ഥാപിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz
റോഡ് പണി ഒരുവർഷം മുമ്പ് നിലവിലെ റോഡിന് മുമ്പിൽ ടാറിങ് മാത്രം നടത്തി അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ തിരൂരങ്ങാടി പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതി ഉണ്ടാക്കി നിരന്തര പോരാട്ടം നടത്തി ഇവിടേക്ക് ആവശ്യമായ വിവിധ പ്രവൃത്തികൾ നടത്തിച്ചിരുന്നു. ഇവരുടെ ഇടപെടൽ അധികൃതർ ക്കും കരാറുകാർക്കും ഒരുപോലെ തലവേദന ഉണ്ടാക്കിയിരുന്നു. അതിലെ നീരസമാണോ ഇതിന് പിന്നിലെന്നാണ് സംയുക്ത സമര സമിതിയുടെ സംശയം. ഇവിടെ അടിയന്തരമായി കൈവരി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.