കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത , അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു.
പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ട്.
തലക്കുളത്തൂർ പാലോറമൂട്ടിൽ അജിതയുടെയും ഭർത്താവ് അനിരുദ്ധന്റെയും മകളായ ജാനറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു പഠിച്ചു കൊണ്ടിരിക്കെയാണ് ബന്ധു സ്വരൂപമായി പ്രണയത്തിലായത്. സിംഗപ്പുരിൽ ജോലി ചെയ്യുകയാണ് സ്വരൂപ്. ഈ പ്രണയബന്ധത്തെ അജിതയും അനിരുദ്ധനും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് വകവെയ്ക്കാതെ ജാനറ്റ് രഹസ്യമായി സ്വരൂപിനെ മൂന്നു വർഷം മുൻപ് രജിസ്റ്റർ വിവാഹം ചെയ്തു. സ്വരൂപ് രഹസ്യമായി നാട്ടിലെത്തി രജിസ്റ്റർ ഓഫീസിൽനിന്ന് വിവാഹം കഴിഞ്ഞശേഷം സിംഗപ്പുരിലേക്ക് മടങ്ങുകയുമായിരുന്നു. ജാനറ്റ് കണ്ണൂരിലേക്കും പോയി. എം.ബി.ബി.എസ് പഠനം കഴിഞ്ഞാലുടനെ ജാനറ്റ് സ്വരൂപിന്റെ അടുത്തേക്ക് പോകുമെന്ന് മനസ്സിലാക്കിയ അജിതയും അനിരുദ്ധനും ഇക്കാര്യങ്ങളിൽ ജാനറ്റിനെ സഹായിക്കുന്നതെന്ന് കരുതിയ സ്വരൂപിന്റെ സഹോദരി ഭർത്താവ് റിനീഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ദമ്പതികൾ 3 തവണ ക്വട്ടേഷൻ നൽകിയിരുന്നതായി പോലീസ് പറഞ്ഞു.