പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു.

198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി.

കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദുബായിലേക്ക് മാസ്ക് കയറ്റുമതി ചെയ്തിരുന്നതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് മൻസൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടി. ഇതോടെ പരസ്പര ധാരണയോടെ വിജിനനും മൻസൂറും ഇതു തുടർന്നു.

വാട്സാപ് വഴിയാണ് ഓർഡർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി പർച്ചേസ് ഓർഡർ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും 30% മൻസൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.

വിദേശത്തുനിന്ന് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിന്‍ വര്‍ഗീസ് അടക്കമുള്ളവര്‍ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞദിവസം പിടിച്ചെടുത്ത ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍നിന്നാണ് എത്തിച്ചിരുന്നത്. ഇവയെല്ലാം ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. അതേസമയം, ലഹരിമരുന്ന് കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് വിജിന്റെ മൊഴി. എല്ലാം നിയന്ത്രിച്ചിരുന്നത് മന്‍സൂറായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, വിജിന്റെ സഹോദരനുമായി ചേര്‍ന്ന് മന്‍സൂര്‍ മറ്റൊരു കമ്പനി സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, വിജിന്‍ വര്‍ഗീസിന്റെ ബന്ധങ്ങളെക്കുറിച്ചും ഇയാളുടെ മറ്റ് ഇടപാടുകളെക്കുറിച്ചും ഡി.ആര്‍.ഐ. സംഘം വിശദമായ അന്വേഷണം ആരംഭിച്ചതായാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഡ്രഗ് വേട്ടകളിലൊന്നാണ് കഴിഞ്ഞദിവസം മുംബൈയില്‍നടന്നതെന്നും ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറയുന്നു. കോട്ടക്കലും പരിശോധന നടത്തുമെന്നാണ് അറിയുന്നത്.

error: Content is protected !!