മമ്പുറം സ്വലാത്ത് സദസ്സ് ഇന്ന്, നേര്‍ച്ച 6 ന് സമാപിക്കും

തിരൂരങ്ങാടി:  184-ാം  മമ്പുറം  ആണ്ടുനേര്‍ച്ചയുടെ അഞ്ചാം ദിനമായ ഇന്ന് സ്വലാത്ത് സദസ്സ് നടക്കും. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.

മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ തന്റെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ വിയോഗാനന്തരം ആരംഭിച്ച സ്വലാത്ത് രണ്ട് നൂറ്റാണ്ടായി പതിവായി തുടര്‍ന്ന് വരുന്നു. വ്യാഴാഴ്ച സ്വലാത്ത് സദസ്സിന്റെ പുണ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി വിശ്വാസികള്‍ എത്താറുണ്ട്.

ഇന്നലെ നടന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷനായി. ഖലീല്‍ ഹുദവി തളങ്കര മുഖ്യപ്രഭാഷണം നടത്തി.
ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി യു.ജി വിദ്യാര്‍ഥി സംഘടന അല്‍ ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ സപ്ലിമെന്റ് റാജിഹലി തങ്ങള്‍ എ.വി ശംസുദ്ദീന്‍ ഹാജി ചെമ്മാടിന് നല്‍കി പ്രകാശനം ചെയ്തു.

നാളെ അനുസ്മരണ സനദ് ദാന പ്രാര്‍ഥനാ സംഗമം നടക്കും. ദാറുല്‍ഹുദാക്ക് കീഴില്‍ മമ്പുറം മഖാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയ 33 ഹാഫിളീങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സമസ്ത ജന:സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വിതരണം ചെയ്യും. ആറിന് രാവിലെ എട്ട് മണിക്ക് അന്നദാനം ആരംഭിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആനോടെ നേര്‍ച്ചയ്ക്ക് പരിസമാപ്തിയാവും.

error: Content is protected !!