
തേഞ്ഞിപ്പലം : വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിയിൽ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബു (54) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് വയോധിക തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം ഇവര്‍ പറയുന്നത്. വിവാഹിതനായ പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.