മിച്ചഭൂമി പ്രശ്‌നത്തില്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ മന്ത്രി കെ. രാജന്‍ ; കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് പട്ടയമായി

തിരൂര്‍ : 1973ല്‍ തുടങ്ങിയ തര്‍ക്കത്തിന് പരിഹാരവുമായി വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയത് അതേ വര്‍ഷത്തില്‍ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജന്‍ സദസ്സിനെ അറിയിച്ചത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്‌നം ആരംഭിച്ച അതേ വര്‍ഷമാണ് താന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു.

നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് പരിഹാരം കാണാനായതില്‍ സന്തോഷമുണ്ട്. നിലവില്‍ പരിഗണിച്ച 66 അപേക്ഷകരില്‍ 45 കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടന്‍ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അടക്കുന്നതിന് തടസ്സങ്ങളുള്ള ആറ് കുടുംബങ്ങളുടെ കരം സ്വീകരികുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!