വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി

വേങ്ങര : 110 കെ.വി സബ്സ്റ്റഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി നൽകിയാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ കൂടുതൽ വൈദ്യുതോത്പാദന പദ്ധതികൾ ആരംഭിക്കണം. വേങ്ങരയിലെ പുതിയ 110 കെ.വി സബ്സ്റ്റേഷന്റെ ഭാഗമായി വൈദ്യുതി ലൈൻ സ്ഥാപിക്കുമ്പോൾ ഭൂ ഉടമകൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24 കോടി ചെലവഴിച്ച് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോടാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. ഈ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതിയ സബ്സ്റ്റേഷൻ സഹായകമാവും. നിലവിൽ എടരിക്കോട്, കൂര്യാട് സബ് സ്റ്റേഷനുകളിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്.
ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. സബ്സ്റ്റേഷന് സ്ഥലം വിട്ടുനൽകിയവരെ മന്ത്രി ആദരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല മൻസൂർ തങ്ങൾ, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്തലി കാവുങ്ങൽ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ മൈമൂനത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ രമേശ്, ഊരകം പഞ്ചായത്ത് അംഗം എം.കെ ഷറീന നിയാസ്, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സിസ്റ്റം ഓപറേഷൻ ഡയറക്ടർ സജി പൗലോസ്, ട്രാൻസ്മിഷൻ ചീഫ് എഞ്ചിനീയർ എസ് ശിവദാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടി.പി ഹൈദരി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി അലവിക്കുട്ടി, നഹീം, കെ.വി ബാലുസബ്രഹ്‌മണ്യൻ, പി.കെ അസ്ലു, പി.എ ചെറീത്, കെ വേലായുധൻ, കുഞ്ഞഹമ്മദ് പാനോളി എന്നിവർ സംസാരിച്ചു.

error: Content is protected !!