പൊന്നാനി : പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ശനിയാഴ്ച ഉച്ചക്ക് 2.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊന്നാനിയിലെ ആരോഗ്യ മേഖലയില്‍ 2.52 കോടി ചെലവഴിച്ച് മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നടപ്പാക്കിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക.
മാതൃശിശു ആശുപത്രിയില്‍ 1.18 കോടി രൂപ ചെലവില്‍ ഒരുക്കിയ നവജാത ശിശു പരിചരണ വിഭാഗം, നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, 45 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ എം.എന്‍.സി.യു എന്നിവയുടെയും 87.2 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രില്‍ നവീകരിച്ച ഒ.പിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക.
നവജാത ശിശുക്കളുടെ പരിചരണത്തില്‍ നാഴികക്കല്ലാകുന്ന ജില്ലയിലെ തന്നെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. നെഗറ്റീവ് പ്രഷര്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തില്‍ 21 ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെ പരിചണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എന്‍.സി.യു. മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ കരുത്തുപകരുന്നതിന് ഇതുവഴി സാധിക്കുന്നു. കൂടാതെ നവജാത ശിശുപരിചരണവും കരുതലും മുലയൂട്ടലും കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാന്‍ കഴിയും.
ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.