ജില്ലയിലെ പൊതുമരാമത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍

സോഷ്യല്‍ മീഡിയ വഴി വന്ന പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി

ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

മലപ്പുറത്ത് വരും മുന്‍പ്  മന്ത്രി,  ‘മലപ്പുറം ജില്ലയിലേക്ക്’ എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.  തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍  ജില്ലയിലെ ഉയര്‍ന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഓരോ പരാതിയും പരിശോധിച്ച് നടപടികള്‍ തീരുമാനിക്കുകയായിരുന്നു. ഓരോ പരാതികളിലും സ്വീകരിക്കുന്ന പരിഹാര നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വേഗത്തില്‍ പരിഹാരം കാണാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാവശ്യമായ സമയക്രമം നിശ്ചയിക്കുകയും ഓരോ ഉദ്യോഗസ്ഥര്‍ക്കും അതിന്റെ ചുമതല നിശ്ചയിക്കുകയും ചെയ്തു.

മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും  ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരിച്ചു. ഓരോ വിങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും അതാത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

വാട്ടര്‍ അതോറിറ്റിയുമായി പ്രത്യേക യോഗം
വാട്ടര്‍ അതോറിറ്റി പ്രവര്‍ത്തി മൂലം തടസപ്പെട്ട 9 റോഡുകളുടെ പ്രവര്‍ത്തി സംബന്ധിച്ച് ആലോചിക്കാന്‍ പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. തിരൂര്‍ –  മലപ്പുറം റോഡ്, തൂത – പെരിന്തല്‍മണ്ണ റോഡ്, താനാളൂര്‍ – പുത്തനത്താണി റോഡ്, ഇരുമ്പോതിങ്കല്‍ – കൂട്ടുമൂച്ചി റോഡ്, വെട്ടുകാട് – ഒളവട്ടൂര്‍ റോഡ്, മാങ്ങാട്ടിരി – പൂക്കൈത പുല്ലൂണ്‍ റോഡ്, വട്ടപ്പറമ്പ് – പാറക്കണ്ണി റോഡ്, പെരിങ്ങാവ് – കോട്ടുപാടം റോഡ്, പരിയാപുരം – അങ്ങാടിപ്പുറം റെയില്‍വെ ഗേറ്റ് വാലമ്പൂര്‍ റോഡ് എന്നീ 9 റോഡുകളില്‍ ജലജീവന്‍ മിഷന്റെയും വാട്ടര്‍ അതോറിറ്റിയുടെയും പ്രവൃത്തി നടക്കുകയാണ്. ഇത് കാരണം റോഡ് പ്രവൃത്തി നടക്കാത്ത സ്ഥിതിയാണുള്ളത്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് ഈ റോഡുകളുടെ പ്രവൃത്തി ആരംഭിക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.  

പാലക്കാട് – പെരിന്തല്‍മണ്ണ റോഡ് (തൂത – പെരിന്തല്‍മണ്ണ റോഡ്)
ആദ്യറീച്ചിലെ കുഴി അടയ്ക്കല്‍ പ്രവൃത്തി നവംബര്‍ 22 നുള്ളില്‍ പൂര്‍ത്തിയാക്കും. രണ്ടാം റീച്ചായ ആറ് കീലോമീറ്ററില്‍ ബിഎം, ബിസി പ്രവൃത്തി നടത്തുന്നുണ്ട്. വാട്ടര്‍ അതോറിറ്റി പ്രവൃത്തി പൂര്‍ത്തിയായ ശേഷം ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാകും. പെരിന്തല്‍മണ്ണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയത്.

വളാഞ്ചേരി – അങ്ങാടിപ്പുറം റോഡ്
ആദ്യറീച്ച് ബിഎം, ബിസി കഴിഞ്ഞ് ഡിഎല്‍പി പിരീഡിലാണ്. രണ്ടാമത്തെ റീച്ച്  റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 22 നുള്ളില്‍ കുഴികള്‍ അടക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കും.

കോട്ടക്കടവ് – ആനങ്ങാടി റോഡ്
കോട്ടക്കടവ് മുതല്‍ അനങ്ങാടി വരെയുള്ള റീച്ചിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തിയും നവംബര്‍ 22 നുള്ളില്‍ പൂര്‍ത്തിയാക്കും. ഡിസംബര്‍ 3 നകം ഈ ഭാഗത്ത് ബിസി ഓവര്‍ലേ ടാറിംഗ് പ്രവൃത്തിയും പൂര്‍ത്തിയാക്കും. തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

വൈലത്തൂര്‍ – പുത്തനത്താണി റോഡ്
ജലജീവന്‍ മിഷന്റെ പൈപ്പ്‌ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന വ്യവസ്ഥയിലാണ് വാട്ടര്‍ അതോറിറ്റിക്ക് റോഡ് കൈമാറിയിട്ടുള്ളത്. വാട്ടര്‍ അതോറിറ്റി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം 2023 ഫെബ്രുവരിയോടെ ബിഎം, ബിസി പ്രവൃത്തി പൂര്‍ത്തീകരിക്കാനാകും. തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

തിരൂര്‍ – മലപ്പുറം റോഡ്
വാട്ടര്‍ അതോറിറ്റി പ്രവൃത്തിക്കായി റോഡ് കൈമാറിയിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി പ്രവൃത്തി പൂര്‍ത്തിയായതിന് ശേഷം ബിഎം, ബിസി പ്രവൃത്തി ആരംഭിക്കുന്നതാണ്. തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.
കൊണ്ടോട്ടി – അരീക്കോട് റോഡ്
ബിഎം ടാറിംഗ് പ്രവൃത്തി ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ റീസ്റ്റോറേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം 2023 ജനുവരി 15 നകം ബിസി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. തിരൂര്‍ അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

എടരിക്കോട് – പറപ്പൂര്‍ റോഡ്
ഡിസംബര്‍ 25 നകം പ്രവൃത്തി പൂര്‍ത്തീകരിക്കും. തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

ചൂനൂര്‍ – ചാപ്പനങ്ങാടി റോഡ്

അദാനി ഗ്യാസ് പൈപ്പ് ലൈന്‍ പ്രവൃത്തി നവംബര്‍ 30 നകം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കും. സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കില്ലെങ്കില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ മഞ്ചേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

ആലിന്‍ചുവട് – കുണ്ടംകടവ് റോഡ് (പരപ്പനങ്ങാടി – പാറക്കടവ് റോഡ്)
ജിഎസ്ബി, ഡബ്ല്യുഎംഎം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ബാക്കി പ്രവൃത്തി ഡിസംബര്‍ 25 നകം പൂര്‍ത്തിയാക്കും. തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

കഞ്ഞിപ്പുര – മൂടാല്‍ ബൈപാസ് റോഡ്
റിവൈസ്ഡ് എസ്റ്റിമേറ്റ്  പരിശോധിച്ച് വരികയാണ്. ഡിസംബര്‍ 31 നകം റോഡ് ഗതാഗതയോഗ്യമാക്കുന്നതാണ്. പൊന്നാനി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഇതിന്റെ ചുമതല നല്‍കി.

യോഗത്തില്‍ നിശ്ചയിച്ചത് പ്രകാരം പ്രവൃത്തി മുന്നോട്ടുപോകുന്നുണ്ടോ എന്ന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും ഓരോ 15 ദിവസം കൂടുമ്പോഴും അതാത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി മന്ത്രി ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

https://fb.watch/gQbCXcLpLk/

error: Content is protected !!