നഗരസഭ അധികൃതരെ ഉദ്ഘാടകരാക്കിയില്ല, താലൂക്ക് ആശുപത്രിയിൽ അനുമോദന ചടങ്ങ് നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിക്ക് അവാർഡ് കിട്ടിയതിന് ജീവനക്കാരെ ആദരിക്കാൻ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾക്കു മുൻപ് നഗരസഭാ അധികൃതർ ഇടപെട്ട് തടഞ്ഞു. നഗരസഭാ അധികൃതരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണത്രേ കാരണം.

താലൂക്ക് ആശുപത്രിക്ക് സംസ്ഥാനതലത്തിൽ നൽകുന്ന കായ കല്പം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, മത രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയുണ്ടാക്കി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയായിരുന്നു ആശുപത്രി വികസനം സാധ്യമാക്കിയത്. ഇത്തരത്തിൽ അവാർഡ് ലഭിക്കാൻ പരിശ്രമിച്ച സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും നഗരസഭയും ആശുപത്രിയും ചേർന്ന് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിരുന്നു. അന്ന് ജീവനക്കാരെ ആദരിച്ചിരുന്നില്ല. ഇവർക്ക് മറ്റൊരു ദിവസം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ മാസം 15 ന് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ആശുപത്രി ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചിരുന്നതായി പറയുന്നു. ഇതിന്റെ ഭാഗമായി 17ന് ഉച്ചയ്ക്ക് 12ന് കോൺഫറൻസ് ഹാളിൽ ആദരിക്കൽ പരിപാടി തീരുമാനിക്കുകയും ജീവനക്കാരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ഈയിടെ സ്ഥലം മാറിപ്പോയവർ ഉൾപ്പെടെ 250- ഓളം ജീവനക്കാരെയാണ് ആദരിക്കാൻ തീരുമാനിച്ചത്. ഉച്ചഭക്ഷണവും തീരുമാനിച്ചിരുന്നു. സൂപ്രണ്ട് ഡോ. എം. പ്രഭുദാസിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

ഇതിന്റെ ഒരുക്കങ്ങളെല്ലാം നടത്തുകയും ഭക്ഷണത്തിന് കേറ്ററിങ് സർവീസുകാരെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തലേന്നു രാത്രി 10 ന് നഗര സഭാ സ്ഥിരസമിതി അധ്യക്ഷൻ സൂപ്രണ്ടിനെ വിളിച്ചു പരിപാടി നടത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. പരിപാടി നടത്തിയാൽ എച്ച്എംസി യുടെ അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതായും അറിയുന്നു. ഇതേത്തുടർന്ന് പരിപാടി ഒഴിവാക്കുകയായിരുന്നു.

വിവിധ സ്ഥലങ്ങളിലേക്ക്സ്ഥ ട്രാൻസ്ഫർ ആയി പോയ ജീവനക്കാർ അവധിയെടുത്തും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തും പരിപാടി യിൽ പങ്കെടുക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ തലേന്നു രാത്രി മാറ്റിവയ്പിച്ചത് ഇവർക്കെല്ലാം പ്രയാസം സൃഷ്ടിച്ചതായി ജീവനക്കാർ പറഞ്ഞു. മാത്രമല്ല, കേറ്ററിങ്‌ സ്ഥാപനക്കാർക്ക് നഷ്ടപരി ഹാരം നൽകേണ്ടിയും വന്നു.

അതേസമയം, നഗരസഭയുടെ ഘടക സ്ഥാപനമായിട്ടും പരിപാടി നടത്തുന്നത് നഗരസഭയെ അറിയിച്ചിട്ടില്ലെന്നും ഏതാനും വ്യ ക്തികൾ മാത്രമെടുത്ത തീരുമാന പ്രകാരമാണ് ചടങ്ങ് നടത്തുന്ന തെന്നും നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ സി പി ഇസ്മയിൽ പറഞ്ഞു. പ്രോട്ടോകോൾ പാലിക്കാതെ നഗരസഭ ജീവനക്കാർ മാത്രമാണ് ചടങ്ങിനുള്ളതെന്നും പറഞ്ഞു.

അതേസമയം, അവാർഡ് തുകയായി ലഭിക്കുന്ന 10 ലക്ഷം രൂപയിൽ 25 ശതമാനം ജീവനക്കാരുടെ ക്ഷേമതിനുള്ളതാണ്. മുമ്പ് നഗരസഭയുടെ പേരിൽ ആദരവ് സംഘടിപ്പിച്ചെങ്കിലും പണം മുഴുവൻ ഈ അകൗണ്ടിൽ നിന്നാണ് നൽകിയത്. മാത്രമല്ല, മുമ്പ് സന്നദ്ധ പ്രവർത്തകരെ ആദരിക്കാൻ നടത്തിയ പരിപാടിയിൽ സൂപ്രണ്ട് ഉൾപ്പെടെ ആശുപത്രി ഉന്നത അധികാരികൾക്ക് സീറ്റ് നൽകുകയോ പരിഗണന നൽകുകയോ ചെയ്യാതെ വേദി മുഴുവൻ നഗരസഭ അധികൃതർ കയ്യടക്കിയിരിക്കുകയായിരുന്നു. ഇത് ജീവനക്കാർക്കിടയിൽ മുറുമുറുപ്പിന് കാരണമായിരുന്നു. പരിപാടി മുടക്കണമെങ്കിൽ തലേന്ന് പകൽ വരെ സമയം ഉണ്ടായിട്ടും അറിയിക്കാതെ രാത്രി വിളിച്ചു മുടക്കിയത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ജീവനക്കാർ പറയുന്നു.

error: Content is protected !!