
മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മെയ് 18 ന് ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി. എന്നാല്‍ മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശം മുറിവേല്‍ക്കുകയും ചെയ്തു.
സിദ്ധിഖ് മരിച്ച ശേഷം പ്രതികള്‍ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. മൃതദേഹം ഒരു ബാഗില്‍ ഒതുങ്ങാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടല്‍ മുറിയിലെ ശുചിമുറിക്കകത്ത് വെച്ചാണ് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കിയത്. പിന്നീട് മെയ് 19 ന് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതല്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്.