ഊരകം: കാരാത്തോടില്‍ സുന്നീ വഖഫ് ഭൂമി സലഫി വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. നിലവിലെ മുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ വഖഫ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിനും നടപടികള്‍ തുടങ്ങി. ഊരകം വില്ലേജ് റി.സ.404/5ല്‍ 18 ആര്‍ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണം ആരംഭിച്ചിരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികള്‍ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അല്‍ ഹിന്ദ് ഭാരവാഹികളുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ട് നല്‍കിയത്.
ഇപ്പോഴത്തെ കൈവശക്കാരും മുജാഹിദ് വിസ്ഡം വിഭാഗം നേതാവും പദ്ധതി കണ്‍വിനറുമായ ഫൈസല്‍ മൗലവിയുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥല കൈമാറ്റം നടന്നത്. ദിനേനെ ഒമ്പത് ജുസ്അ് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നാണ് വഖഫിന്റെ ലക്ഷ്യം. ഇതിന് വിരുദ്ധമായാണ് മുജാഹിദ് വിഭാഗത്തിന് സ്ഥാപനത്തിനായി ഭൂമി കൈമാറിയത്. ഇതിനെതിരെ വി. ഉസൈൻ ഫൈസി ഉൾപ്പെടെ ഇരു വിഭാഗം
സുന്നികളും വഖഫ് ബോർഡിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോര്‍ഡ് അന്വേഷണം നടത്തി നടപടികള്‍ തുടങ്ങിയത്.
സ്‌കൂൾ നിര്‍മ്മാണം എന്ന പേരിലാണ് കൈവശക്കാരുടെ പേരില്‍ ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിന് നിര്‍മ്മാണത്തിന് അനുമതിക്ക് അപേക്ഷ നല്‍കിയത്. വഖഫ് ആക്ട് 95(1)പ്രകാരം വഖഫ് ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വഖഫ് ബോര്‍ഡിന്റെ അനുമതി വേണമെന്നും , 95(2)പ്രകാരം വഖഫ് ബോര്‍ഡ് അനുമതിയില്ലാതെ നിര്‍മ്മാണത്തിന്അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും കാണിച്ച് കഴിഞ്ഞ വര്‍ഷം സപ്തംപര്‍ 22ന് എ 11-2225/2020 നമ്പറില്‍ വഖഫ് ബോര്‍ഡ് ഊരകം ഗ്രാമ പഞ്ചായത്തിന് ഉത്തരവ് നല്‍കിയിരുന്നു. വഖഫ് ബോര്‍ഡ് നടപടിയോടെ ഊരകം ഗ്രാമ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കൈവശക്കാര്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണം തടഞ്ഞിരുന്നു.
വഖഫ് ബോര്‍ഡില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് വിഷയം വഖഫ് ബോര്‍ഡ് യോഗത്തില്‍ വെച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ വഖഫ് നിയമ പ്രകാരമുള്ള നിയമ നടപടികള്‍ ആരംഭിച്ചത്. വഖഫ് സ്വത്തില്‍ നടത്തിയ അനധികൃത കെട്ടിടം പൊളിച്ച് മാറ്റാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വഖഫ് ഡിവിഷനല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മുതവല്ലിയെ ഈ മാസം 9 മുതല്‍ പത്ത് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.
തൽ സ്ഥാനത്തേക്ക് മലപ്പുറം ഡിവിഷനല്‍ ഓഫീസിലെ വഖഫ് ഇന്‍സ്പെക്ടര്‍ ടി മഹാനുദ്ദീനെ വഖഫ് ബോര്‍ഡ് നിയമിച്ചിട്ടുണ്ട്. അനധികൃത കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ഇദ്ദേഹ ത്തെ ചുമതലപ്പെടുത്തി. സസ്പെന്റ് ചെയ്യപ്പെട്ട മുതവല്ലിയോട് 16ന് കോഴിക്കോട് കാര്യാലയത്തിലെത്തി രേഖാമൂലം വിശദീകരണം നല്‍കണമെന്നും, ഇല്ലെങ്കിൽ യാതൊന്നും പറയാനില്ലെന്നു കണക്കാക്കി നടപടി സ്വീകരിക്കുമെന്നും വഖഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.