തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു.
പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ്പ് ഹൗസ് വഴി കരിമ്പിലൂടെ ചെറുമുക്കിലെത്തിച്ച് കൊടിഞ്ഞി ചെറുപ്പാറ വഴി ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിലും ശേഷം ടാങ്കിലുമെത്തിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണഭോക്തൃ വിഹിതമില്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടമെന്ന നിലയില്‍ കിണര്‍ നിര്‍മ്മാണം, പമ്പ് ഹൗസ് നിര്‍മ്മാണം, 105 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ടെണ്ടര്‍ പൂര്‍ത്തിയായിട്ടുള്ളത്. അവയില്‍ കിണര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗാണ് ഇന്നലെ തുടങ്ങിയത്. രണ്ടാഴ്ച്ചക്കകം പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ ആരംഭിക്കും. 52 കോടിയുടെ നിര്‍മ്മാണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ടാം ഘട്ട ടെണ്ടറില്‍ വാട്ടര്‍ ടാങ്കും ശുദ്ധീകരണ ശാലയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനായി 15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂന്നാം ഘട്ടമായി റോഡുകളുടെ പുനര്‍ നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. അതിനായി 30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ പാത നിര്‍മ്മാണം തകൃതിയായി നടക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടനെ പൂര്‍ത്തിയാക്കും. അതിനായി അനുമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡിലൂടെയാണ് അധികവും മെയിന്‍ പൈപ്പ് ലൈന്‍ ശൃഖല പോകുന്നത്.
ശുദ്ധീകരണ ശാലയും വാട്ടര്‍ ടാങ്കും സ്ഥാപിക്കുന്നതിന് പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചുള്ളിക്കുന്നില്‍ വാങ്ങിയിട്ടുണ്ട്. എട്ട് ദശലക്ഷം ലിറ്റര്‍ വെള്ളം ദിവസവും ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് ചുള്ളിക്കുന്നില്‍ സ്ഥാപിക്കുക. ഓരോ വ്യക്തിക്കും ദിവസം 100 ലിറ്റര്‍ വെള്ളം എന്ന തോതിലാണ് ലഭ്യമാക്കുക.
വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ റഷീദലി, കെ കുഞ്ഞിമരക്കാര്‍, യു.എ റസാഖ്, സുഹൈല്‍ വേങ്ങര, ടി.കെ നാസര്‍, എ.കെ സലാം എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.