ദേശീയ സീനിയർ വനിത ഫുട്ബോൾ: ഗോവ- ഡൽഹി മത്സരം സമനിലയിൽ

തേഞ്ഞിപ്പലം : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മത്സരം സമനിലയില്‍. ഡല്‍ഹി ഗോവ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനുട്ടില്‍ അര്‍പിത യശ്വന്ത് പെഡ്‌നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30 ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഗോവ ജാര്‍ഗണ്ഡിനെയും നേരിടും.

ആദ്യ പകുതി

18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹി ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം ഇടതുവശത്തുനിന്ന് വീണ്ടും മമ്തയെ തേടി ഗോളവസരമെത്തി. എന്നാല്‍ ഇത്തവണ ഗോളെന്ന് ഉറപ്പിച്ച അവസരം പോസ്റ്റില്‍ തട്ടിതെറിച്ചു. 16 മിനുട്ടിന് ശേഷം 34 ാം മിനുട്ടില്‍ ഗോവ സമനില പിടിച്ചു. ഗോള്‍ പോസ്റ്റിലേക്ക് നീട്ടിനല്‍കിയ പാസ് അര്‍പിത യശ്വന്ത് പെഡ്‌നേക്കര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയില്‍ വീണ്ടും ഇരുടീമുകള്‍ക്കും ഗോളവസരമുണ്ടായിരുന്നെങ്കിലും ഗോള്‍മാത്രം വിട്ടുനിന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ ഉടനീളം ഡല്‍ഹിയുടെ ആധിപത്യമായിരുന്നു. ഇരുവിങ്ങില്‍ നിന്നും ഗോവന്‍ പെനാല്‍റ്റിബോക്‌സിലേക്ക് പന്തുമായി ഡല്‍ഹി താരങ്ങള്‍ വന്നെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മ ഗോളിന് തടസമായി. ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളും ഗോവന്‍ ഗോള്‍കീപ്പര്‍ അനീറ്റെ ഡി കോസ്റ്റ തട്ടിഅകറ്റി. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയ്ക്ക് ലഭിച്ച സുവര്‍ണാവസരം ഡല്‍ഹി ഗോള്‍ കീപ്പര്‍ തട്ടിഅകറ്റിയതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.

error: Content is protected !!