
എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി
മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.
20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്. 3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപതോളം പേർ ഒപിയിൽ വരുന്നുണ്ട്.
മേഖലയിൽ കിടത്തിച്ചികിത്സാ സൗകര്യവും ഡോക്ടർമാരുമുള്ള ആശുപത്രി എന്നതിനാൽ പരിസര പഞ്ചായത്തുകളിൽ നിന്നുള്ളവരെല്ലാം ചികിത്സതേടി ഇവിടേയ്ക്കാണ് വരുന്നത്. എന്നാൽ ഇത്രയേറെ പേർ ആശ്രയിക്കുന്ന സ്ഥലമായിട്ടും കെട്ടിടം പുതുക്കി പണിയാനോ കൂടുതൽ സൗകര്യങ്ങളൊരുക്കാനോ അധികൃതർ ശ്രദ്ധിക്കുന്നില്ല. ഡോക്ടർമാരുടെ മുറി, കിടത്തി ചികിത്സാ വാർഡ്, ഫാർമസി, ഓഫിസ് എന്നിവയെല്ലാം പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കിടത്തി ചികിത്സ നടത്തുന്ന മുറിയിൽ തറ പൊട്ടിയതിനാൽ കാർഡ് ബോർഡ് നിരത്തിയിരിക്കുകയാണ്.
ഡോക്ടർമാരുടെ പരിശോധനാ മുറിയിൽ മുകളിലെ സ്ലാബിൽ നിന്ന് ഏത് നിമിഷവും സിമന്റ് അടർന്നുവീഴുന്ന അവസ്ഥയിലാണ്. ആശുപത്രി പൊളിച്ചു പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പതിറ്റാണ്ടുകൾ ആയിട്ടും അധികൃതർ അവഗണന തുടരുകയാണെന്നാണ് നാട്ടുകാർക്ക് പരാതി. കെട്ടിടം നിർമിക്കാൻ കിഫ്ബിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് നേരത്തെ പി. അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞിരുന്നെങ്കിലും ഇത് വരെ ലഭിച്ചിട്ടില്ല. ത്രിതല പഞ്ചായത്തുകളും സർക്കാരും ജനപ്രതിനിധികളും മനസ്സ് വെച്ചാൽ നടക്കാവുന്നതെയുള്ളൂ. എന്നാൽ അവർ അതിന് തയ്യാറല്ലെന്നാണ് പതിറ്റാണ്ടുകളായുള്ള അനുഭവം. തൊട്ടടുത്ത് തന്നെ ആശുപത്രി ഉണ്ടായിട്ടും കോട്ടക്കലോ, പണം ചിലവാക്കി സ്വകാര്യ ആശുപത്രികളിലോ പോകേണ്ട അവസ്ഥയാണ്.