
കോട്ടക്കൽ- മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കോട്ടക്കലിൽ ഭാര്യയുടെ ബന്ധുക്കൾ അറസ്റ്റിൽ. വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവവരനെ പിടിച്ചു കൊണ്ട് പോയി ക്രൂര മർദ്ദനത്തിനിരയാക്കിയത്. കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൽ അസീബിനാണ് (30) മർദനമേറ്റത്.
പൊലീസ് ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് ഒതുക്കുങ്ങൽ കിഴക്കേ പറമ്പൻ ഷംസുദ്ദീൻ(45), അമ്മാവന്മാരായ ചോലപ്പുറത്ത് മജീദ് (28),ഷഫീഖ് (34), അബ്ദുൾ ജലീൽ (34),ഷഫീറലി (31),മുസ്തഫ (62) എന്നിവരെയാണ് എം.കെ ഷാജി അറസ്റ്റ് ചെയ്തത്.
മർദ്ദനമേറ്റ കോട്ടക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബ് ചികിത്സയിലാണ്.എസ്.ഐ വിവേക്, എ.എസ്.ഐ സുരേന്ദ്രൻ, സി.പി.ഒ മാരായ സൂരജ്, സത്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മുഖത്തും വാരിയെല്ലിനും പരിക്കേറ്റ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാലുമാസം മുമ്പാണ് യുവാവ് വിവാഹം കഴിച്ചത്.