പത്തിരി വിറ്റ പണം യുപിഐ ഇടപാടിലൂടെ വാങ്ങി; കച്ചവടക്കാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ആലപ്പുഴ: അരിപ്പത്തിരി വിറ്റ തുക യുപിഐ ഇടപാടിലൂടെ വാങ്ങിയതിന്‍റെ പേരിൽ കച്ചവടക്കാരൻ വെട്ടിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയാണ്. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

300 രൂപ മൂലം വീട് നിർമാണത്തിനുള്ള നാല് ലക്ഷം രൂപ പിൻവലിക്കാനാകാതെ ദുരിതത്തിലാണ് അരിപ്പത്തിരി കച്ചവടക്കാരനായ ഇസ്മായിൽ. തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിൾ പേ വഴി അയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈ മലർത്തി.

ബാങ്കിന്‍റെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹൽവാദ് പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു. ആറുമാസമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തിരിച്ചു പിടിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഇസ്മായിൽ.

error: Content is protected !!