പണമിടപാടില്‍ ആധിപത്യം പുലര്‍ത്തി ഫോണ്‍ പേയും ഗൂഗിള്‍ പേയും ; യുപിഐ ഇടപാടില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. യുപിഐ ഇടപാടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഫീസ് വരുമാനത്തിലെ വളര്‍ച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി. സ്വകാര്യ ബാങ്കുകളുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം കുതിച്ചുയര്‍ന്നു, പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തില്‍ 34 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.8 ശതമാനം എന്ന ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

error: Content is protected !!