മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടിൽ അർധരാത്രിയിലെ പരിശോധന അബദ്ധത്തിൽ സംഭവിച്ചത്, ഇനി ഉണ്ടാകില്ലെന്നും പോലീസ്

ലീഗ് നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടില്‍ അര്‍ദ്ധ രാത്രി പൊലീസ് പരിശോധനക്കെത്തിയ സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാണിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് പൊലീസിന്റെ കത്ത്. മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി അബ്ദുല്‍ ബഷീറാണ് അന്വേഷണത്തിനൊടുവില്‍ രേഖാമൂലം കത്ത് നല്‍കിയത്. ഈ മാസം ആദ്യ വാരത്തില്‍ പി.എം.എ സലാമിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലാ പൊ്‌ലീസ് മേധാവിയെ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബദ്ധം ഏറ്റു പറഞ്ഞും ഇനി ആവര്‍ത്തിക്കില്ലെന്നറിയിച്ചും പൊലീസ് കത്ത് നല്‍കിയത്.
തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായ എം അബ്ദുറഹ്മാന്‍ കുട്ടി, മുന്‍സിപ്പല്‍ യൂത്ത് ലീഗ്പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് എന്നിവരുടെ വീടുകളില്‍ കഴിഞ്ഞ ഫെബ്രുവരി 22-ന് അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് താനൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയത്. രാത്രി വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടില്‍ ബെല്ലടിച്ചു ഉറങ്ങുകയായിരുന്ന വീട്ടുകാരെ ഉണര്‍ത്തിയ ശേഷം അബൂബക്കര്‍ സിദ്ധീഖിന്റെ വീടല്ലേ. അദ്ധേഹത്തിനെതിരെ കേസുണ്ടെന്നും അത് പരിശോധിക്കാനെ ത്തിയതാണെന്നും പറയുകയായിരുന്നു.
ആ സമയത്ത് ഒരു യാത്രയിലായിരുന്ന അബൂബക്കര്‍ സീദ്ധീഖ് വിട്ടിലുണ്ടായിരുന്നില്ല. അതിന് ശേഷം അബ്ദുറഹ്മാന്‍ കുട്ടിയുടെ വീട് അന്വേഷിച്ചെത്തി. അയല്‍പക്കത്തെ വീട്ടിലെത്തി ഏതാണ് അബ്ദുറഹ്മാന്‍ കുട്ടിയുടെ വീടെന്ന് അന്വേഷിച്ചു. ഗേറ്റ് തുറക്കാന്‍ കഴിയാത്തതിനാല്‍ നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും അദ്ധേഹം ഗേറ്റ് തുറന്നു നല്‍കിയില്ല. പഠിച്ച പണി പലതും നോക്കിയെങ്കിലും ഏറെ നേരം പുറത്ത് കാത്തിരുന്നു ശേഷം പൊലീസ് മടങ്ങിപ്പോകുകയായിരുന്നു.
വൃദ്ധരായ മാതാപിതാക്കളുള്ള ഇവരുടെ വീട്ടിലെത്തി പൊലീസ് നടത്തിയ അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സലാം എസ്.പിയെ കണ്ടിരുന്നത്. മാത്രവുമല്ല ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സലാം ആരോപിച്ചിരുന്നു.
അനിഷ്ടസംഭവങ്ങളും അക്രമങ്ങളും തടയുക എന്ന സതുദ്ധേശത്തോടെ പൊലീസ് നടത്തിയ പരിശോധനയുടെ ലിസ്റ്റില്‍ മുസ്്‌ലിംലീഗ് നേതാക്കളുടെ പേര് മനപ്പൂര്‍വ്വമല്ലാതെ കയറിയതാണെന്നും നേതാാക്കളെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്നും ഇനി ഇത്തരത്തില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിലെ അന്വേഷണ റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറിയതായും കാണിച്ചാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് സലാമിന് കത്ത് നല്‍കിയിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ്, മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികളും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് നല്‍കിയ മറുപടി തൃപ്തികരമാണെന്നും പ്രവര്‍ത്തകരെ അനാവശ്യമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും സലാം പറഞ്ഞു.

error: Content is protected !!