തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ
പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് അഷ്റഫ് പറഞ്ഞു. യഥാർഥ ആളുടെ ഫോട്ടോയും അഡ്രെസും ഉൾപ്പെടെ പോലീസിൽ വിവരങ്ങൾ ഉണ്ടായിട്ടും റവന്യൂ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു എന്ന് അഷ്റഫ് പറഞ്ഞു. പോലീസ് നൽകിയ രേഖ പ്രകാരമാണ് നടപടി. പോലീസ് പ്രതികളുടെ ലിസ്റ്റ് രജിസ്ട്രാർ ഓഫീസിൽ നൽകി അവിടെ നിന്ന് ശേഖരിച്ച വിവരങ്ങൾ കൈമാറുകയായിരുന്നു എന്നാണ് അറിയുന്നത്. ഹൈക്കോടതിയുടെ അന്ത്യശാസനം ഉള്ളതിനാൽ സാധാരണയുള്ള ജപ്തി നടപടികൾ സ്വീകരിച്ചല്ല കണ്ടു കെട്ടിയത്. ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് നൽകി ആക്ഷേപവും പരാതിയും അറിയിക്കാൻ സമയം നൽകിയാണ് ജപ്തി നടപടി ക്രമങ്ങൾ ചെയ്യുന്നത്. എന്നാൽ ഇത് ദിവസങ്ങൾക്കുള്ളിൽ തന്നെ
പൂർത്തിയാക്കുകയായിരുന്നു. ഇത് കാരണം നടപടിക്ക് വിധേയരായവർക്ക് അവരുടെ ഭാഗം അറിയിക്കാൻ പറ്റിയില്ല. ഇത് കാരണം ഒട്ടേറെ നിരപരാധികളുടെ സ്വത്തും കണ്ടു കെട്ടിയവയിൽ ഉൾപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തിരൂരങ്ങാടി യിൽ സ്വത്ത് കണ്ടുകെട്ടിയ ചെമ്മാട് സി കെ നഗർ സ്വദേശി മറ്റൊരു സംഘടന പ്രവർത്തകൻ ആണെന്നും ഇദ്ദേഹം നിരപരാധി ആണെന്നും നാട്ടുകാർ പറയുന്നു.