എസ് പി ക്കെതിരെ പോസ്റ്റിട്ടു, യുവാവിനെതിരെ കേസെടുത്തു

തിരൂരങ്ങാടി : ജില്ലാ പോലീസ് മേധാവിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു. കൊടിഞ്ഞി തിരുത്തി സ്വദേശി ശിഹാബിന് എതിരെയാണ് തിരൂരങ്ങാടി എസ് എച്ച് ഒ കേസെടുത്തത്. ജില്ലയിൽ ഒരു വിഭാഗത്തിൽ പെടുന്ന സംഘടനകളെയും പ്രവർത്തകരെയും എസ് പി കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന തരത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഖ്യാതിക്ക് ഹാനി ഉണ്ടാകുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു എന്നതാണ് കേസ്. ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് ഇ മെയിൽ ആയി അയച്ചു നൽകിയതിന്റെ അടിസ്ഥാനാത്തിലാണ് തിരൂരങ്ങാടി സി ഐ കേസെടുത്തത്.

ജില്ലയിൽ പോലീസ് കേസുകൾ കൂടുന്നത് എസ് പി യുടെ നിർദേശ പ്രകാരം ആണെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിരന്തരം എസ് പി ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുന്നുണ്ട്. ചെറിയ പെറ്റി കേസുകൾക്ക് വരെ എഫ് ഐ ആർ ഇട്ട് കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതായും ഇതിലൂടെ ജില്ലയിലെ കേസുകൾ കൂടി എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നതായും ലീഗ് ആരോപിച്ചിരുന്നു. ഓരോ പോലീസ് സ്റ്റേഷനുകളിലും ഒരു മാസം ഉണ്ടാകേണ്ട കേസുകൾക്ക് ടാർജറ്റ് ഉള്ളതായും ആരോപണമുണ്ട്. 60 വരെ പെറ്റി കേസെങ്കിലും എഫ് ഐ ആർ ഇടണമത്രേ. മാത്രമല്ല, ഓരോ സ്റ്റേഷനിലും മാസ ത്തിൽ 40 കേസുകളെ പെൻഡിങ് പാടുള്ളൂ. അതിൽ ഒന്ന് കൂടിയാൽ പോലും കീഴുദ്യോഗസ്ഥർക്ക് ചീത്ത വിളി കേൾക്കേണ്ടി വരുമത്രേ. ഇത് കാരണം പല പോലീസ് സ്റ്റേഷനുകളിലും മാസം 25 ന് ശേഷം കേസെടുക്കാതെ പരമാവധി നീട്ടിക്കൊണ്ട് പോയി അടുത്ത മാസത്തിൽ കേസ് ചാർജ് ചെയ്യുന്ന രീതിയിലാണത്രേ നടപടികൾ. ഹെൽമെറ്റ് ധരിക്കാത്തത്, സീറ്റ് ബെൽറ്റ് ഇടത്തത്, ട്രിപ്പിൾ യാത്ര തുടങ്ങിയ സ്റ്റേഷനുകളിൽ ഫൈൻ അടച്ചു തീർക്കാവുന്ന കേസുകളാണ് ഭൂരിഭാഗവും എഫ് ഐ ആർ ഇടുന്നത്. തുടർന്ന് കോടതിയിൽ പോയി ഫൈൻ അടപ്പിക്കാൻ സമ്മർദവും ചെലുത്തും. കേസുകൾ പെട്ടെന്ന് തീർപ്പായി എന്നു വരുത്തി തീർക്കാൻ ആണെന്ന് പറയപ്പെടുന്നു. കൂടുതൽ എഫ് ഐ ആർ ഇടുന്നത് കാരണം കൂടുതൽ കേസുകൾ ഉള്ളതായി ജില്ലയെ ചിത്രീകരിക്കും എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരേ കേസിൽ പിടികൂടുന്നവർക്ക് ഒന്നിച്ച് എഫ് ഐ ആർ ഇടുന്നതിന് പകരം ഓരോരുത്തർക്കും എഫ് ഐ ആർ ഇടുന്നതായും ആക്ഷേപമുണ്ട്.

അതേ സമയം, ഇദ്ദേഹം എസ് പി ആയതോടെ വിവിധ കേസുകളിൽ വേഗം കൂടിയിട്ടുണ്ട്. കസ്റ്റംസിനെ വെട്ടിച്ച് കടന്നവരെ ഉൾപ്പെടെ നിരവധി സ്വർണ കടത്തുകാരെയും പിടികൂടിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിൽ കാലാകാലം പുറത്തിറങ്ങാതെ ഓഫീസ് ഡ്യൂട്ടി മാത്രം ചെയ്തു കൊണ്ടിരുന്നത് ഉടച്ചു വാർത്തു അവരെ പുറത്തിറക്കി പണി എടുപ്പിക്കുകയും ചെയ്തു. അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കാത്ത ആളും അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങാത്ത ആളുമാണ് എന്നാണ് സേനയിലെ അഭിപ്രായം. ഇത്തരത്തിലുള്ള കീഴ് ഉദ്യോഗസ്ഥരെയും അതേ രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഭരണ അനുകൂല സംഘടനയായ പോലീസ് അസോസിയേഷൻ ഇദ്ദേഹത്തെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഉന്നത രിൽ ഉള്ള പിടിപാട് കൊണ്ടാണ് മൂന്നര വർഷമായി അദ്ദേഹം ജില്ലയിൽ തുടരുന്നത് എന്നാണ് അറിയുന്നത്.

error: Content is protected !!