നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചർച്ച സജീവമായതോടെ പ്രസിഡന്റിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഭരണ രംഗത്ത് ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചക്കെടുത്തത്. നേരത്തെ നിരവധി തവണ താക്കീത് നൽകിയിട്ടും ഇനി ആവർതിക്കില്ലെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായിരുന്നു. ഇനിയും ആവർത്തിച്ചാൽ മാറ്റുമെന്ന് അവസാന മുന്നറിയിപ്പ് നൽകിയതായിരുന്നു. എന്നാൽ തുടരെ തുടരെ വീണ്ടും ഉറപ്പ് ലംഘിച്ചതോടെയാണ് മാറ്റുന്നത് ചർച്ചക്കെടുത്തത്. പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി കൂടി നിലനിർത്തണോ രാജി വെപ്പിക്കണോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുണ്ടൂരിലെ സജീവ മുസ്ലിംലീഗ് പ്രവർത്തകന്റെ മരണത്തെ തുടർന്ന് കുണ്ടൂർ മർകസിൽ ചേർന്ന യോഗം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിനാൽ ഇക്കാര്യം ചർച്ച ചെയ്തില്ല. യോഗം അടുത്തയാഴ്ച്ച കൂടാൻ തീരുമാനിച്ചു. അതേ സമയം, ഇത് സംബന്ധിച്ച് തിരൂരങ്ങാടി ടുഡേ യിൽ വാർത്ത വന്നത് യോഗത്തിൽ ചർച്ചക്കും ബഹളത്തിനും കാരണമായതായി അറിയുന്നു. പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ ഭിന്നത ഉണ്ട്. ആറു മാസം കൂടി സമയം കൊടുക്കണമെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ വരുന്നതിനാൽ പെട്ടെന്ന് മാറ്റുന്നത് പേര് ദോഷം വരും എന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. മാത്രമല്ല, പുതുമുഖമായതിനാൽ പരിജയക്കുറവ് ആണെന്നും അത് പരിഗണിക്കണമെന്നും ഇവർ പറയുന്നു. മാത്രമല്ല, മാറ്റിയാൽ ആരെ പകരം നിയമിക്കും എന്നത് സംബന്ധിച്ച് പിന്നീട്
തർക്കത്തിന് കാരണമാകും എന്നതുമുണ്ട്. ലീഗിന് മറ്റു 5 അംഗങ്ങൾ കൂടിയുണ്ട്. ഇതിൽ ഒരാൾ സ്ഥിര സമിതി അധ്യക്ഷയാണ്. ഇതിൽ ആരെ തിരഞ്ഞെടുക്കും എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ട്. ചെറുമുക്കിലെ സൗദാ മരക്കരുട്ടി, കുണ്ടൂരിലെ എ.റഹിയാനത്ത്, സുമിത്ര ചന്ദ്രൻ, വെള്ളിയാമ്പുറത്തെ ശരീഫാ കാഞ്ഞീര, കൊടിഞ്ഞിയിലെ തസ്ലീന പാലക്കാട്ട് എന്നിവരാണ് ലീഗിലെ വനിത അംഗങ്ങൾ.
എന്നാൽ ഇത്ര വർഷമായിട്ടും പ്രാഥമിക കാര്യങ്ങൾ പോലും പഠിക്കാതെ മറ്റുള്ളവരെ ആശ്രയിക്കുകയാണെന്നും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അവഗണിക്കുകയാണെന്നും മാറ്റണമെന്ന പക്ഷക്കാരും പറയുന്നു. മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗും യൂത്ത് ലീഗും കത്തു നൽകിയതായി സൂചനയുണ്ട്.
അതിനിടെ , പ്രസിഡന്റിനെ മാറ്റുന്നതിനെതിരെ ഒരു വിഭാഗം ഒപ്പുശേഖരണം ആരംഭിച്ചതായി അറിയുന്നു. വാർഡ് കമ്മിറ്റിയും, നിലവിലെ പഞ്ചായത്ത് കമ്മിറ്റിയോട് എതിർപ്പുള്ള വിഭാഗവുമാണത്രേ ഇതിന് പിന്നിൽ. വാർഡ് കമ്മിറ്റി ചേർന്ന യോഗത്തിൽ പ്രസിഡന്റിനെ മാറ്റിയാൽ തിരുത്തി പ്രദേശത്തെ ലീഗ് കമ്മിറ്റി പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചത്രേ. പ്രസിഡന്റിനെ മാറ്റുന്നതിന് എതിരെ വിവിധ വാർഡ് കമ്മിറ്റികളെ ഒപ്പിടുന്നതിന് സമീപിച്ചതായാണ് അറിയുന്നത്. കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്നവർക്ക് പുതിയ കമ്മിറ്റിയിൽ അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണത്താൽ അതിൽ ഉണ്ടായിരുന്ന ചിലരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ പലപ്പോഴും സമ്മർദ്ധത്തിൽ ആക്കാൻ ശ്രമിക്കാറുണ്ടത്രേ. പഴയ ഭാരവാഹികളെ കൂടി സഹകരിപ്പിച്ച് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇവർ പഴയ ഭരവാഹികളിൽ പെട്ടവരെ പഞ്ചായത്ത് വർക്കിങ് കമ്മിറ്റിയിലേക്കും എടുത്തിരുന്നു. എന്നാൽ നിലവിലെ കമ്മിറ്റിയെ പരമാവധി സമർധത്തിലാക്കി കമ്മിറ്റിയെ നിശ്ചലമാക്കാനുള്ള ശ്രമം നടത്തുന്നതായാണ് നിലവിലെ കമ്മിറ്റിയെ അനുകൂലിക്കുന്നവർ പറയുന്നത്.