രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തിന് അയോഗ്യന്‍ ; ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.

‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ.

അതേസമയം വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ചെറുത്തുനില്പിന്റെ സന്ദേശം നല്‍കിക്കൊണ്ട് പാര്‍ലമെന്റില്‍ എത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ എത്തിയിരുന്നില്ല.

2019ലെ ലോക്‌സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

error: Content is protected !!