വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം : വ്യാജമായി എൻജിൻ, ഷാസി നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പുർ ആർടി ഉദ്യോഗസ്ഥനായ പോത്തുകല്ല് ഭൂതാനംകോളനിയിലെ ആനപ്പാൻ സതീഷ് ബാബു (46), തിരൂരങ്ങാടി ആർ ടി ഓഫീസിലെ ജീവനക്കാരി പൂക്കോട്ടൂർ പുതിയകളത്തിൽ എ.ഗീത (53), മോട്ടർ വാഹനവകുപ്പിൽനിന്നു വിരമിച്ച സെക്‌ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപ്പറമ്പ് ചിത്തിര വീട്ടിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണു മലപ്പുറം സിഐ ജോബി തോമസ് അറസ്റ്റ് ചെയ്തത് .

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണു കഴിഞ്ഞ ജനുവരി 11നു മലപ്പുറം പൊലീസ് കേസെടുത്തത് . നാഗപ്പന്റെ ബൈക്കിന് ഇൻഷുറൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി ലഭിച്ചിരുന്നില്ല. 

ഒടിപി മറ്റൊരു ഫോൺ നമ്പറിലേക്കാണു പോകുന്നതെന്നു കണ്ടെത്തിയതോടെ ഇൻഷുറൻസ് എടുക്കാൻ സാധിക്കുന്നില്ലെന്നും തന്റെ ബൈക്കിന്റെ അതേ നമ്പറിലുള്ള മറ്റൊരു വാഹനം മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കാണിച്ചു നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ മുഖേന തിരുവനന്തപുരം ആർടിഒക്കു പരാതി നൽകുകയായിരുന്നു. പരാതി പിന്നീടു മലപ്പുറം ആർടിഒക്കു കൈമാറി. കൃത്രിമം നടന്നതായി കണ്ടെത്തിയതോടെയാണു കേസ് പൊലീസിനു കൈമാറിയത് .

ആർടിഒ ഏജന്റ് ഉമ്മർ ആണ് കേസിലെ ഒന്നാംപ്രതി. കൃത്യമായി പരിശോധിക്കാതെ ആർസി അനുവദിച്ചതിനാണ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളായത്. സതീഷ് , അനിരുദ്ധൻ, ഉമ്മർ എന്നിവരെ മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. എ.ഗീതയ്ക്കു ജാമ്യം അനുവദിച്ചു.

error: Content is protected !!