നീലിയമ്മക്ക് ആശ്വാസം; വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാം

പെരിന്തല്‍മണ്ണ : വൈദ്യതി ലൈന്‍ മാറ്റാത്തത് മൂലം വീട് നിര്‍മാണം നിലച്ച നീലിക്ക് ഇനി ആശ്വസിക്കാം. പെരിന്തല്‍മണ്ണ താലൂക്ക് അദാലത്തിലാണ് നീലിയുടെ പരാതിക്ക് പരിഹാരമായത്. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കാനുള്ള തടസ്സമാണ് അദാലത്തില്‍ പരിഹരിച്ചത്.

മുതുകുറുശ്ശി ചേങ്ങോടത്ത് വടക്കേകരപറമ്പിലാണ് നീലിയും മകള്‍ സരസ്വതിയും താമസിക്കുന്നത്. മൂന്ന് സെന്റ് ഭൂമിയില്‍ കാലപ്പഴക്കം ചെന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണമാണ് വൈദ്യതി ലൈന്‍ മൂലം തടസ്സപ്പെട്ടത്. പടവ് പൂര്‍ത്തിയാക്കിയ നിലയിലാണ് നിലവില്‍ വീടുള്ളത്. 11 കെവി ലൈന്‍ മാറ്റുന്നതിന് ചെലവ് വഹിക്കാന്‍ കഴിയാതിരുന്ന നീലി അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി പരിശോധിച്ച മന്ത്രി ആന്റണി രാജു നടപടിയെടുക്കാന്‍ കെ എസ് ഇ ബിയോട് ആവശ്യപ്പെട്ടു. പഴയ വീടായിരുന്ന സമയത്ത് ലൈന്‍ പൊട്ടി വീണ് വീടിന് തീപിടിച്ച ദുരനുഭവവും നീലി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദാലത്തിലെ തീരുമാന പ്രകാരം പ്രത്യേക ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലൈന്‍ മാറ്റി നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

error: Content is protected !!