തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്.
ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്.
നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്തായത് ഡോ.സക്കീനയുടെ ഇടപെടലുകളാണ്. കോവിഡിനെത്തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെയും മറ്റു വകുപ്പുകളുടെയും വിവിധ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയും നേരിടാൻ കഴിഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ വലിയ ജില്ലയായിരുന്നിട്ടുകൂടി കോവിഡ് ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലുമെത്തിക്കാൻ കഴിഞ്ഞെന്നതും നേട്ടമാണ്.
മങ്കട കൂട്ടിൽ സ്വദേശിയായ കെ.സക്കീന കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പാസായത്. ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിജി നേടി. ഹാർവഡ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ ഉപരിപഠനം നടത്തിയിട്ടുണ്ട്. 1996ൽ ഓമാനൂർ പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറായാണ് സർവീസിൽ പ്രവേശിച്ചത്. നിലവിൽ വെന്നിയൂരിലാണു താമസം. ഫാറൂഖ് കോളജ് അധ്യാപകനായിരുന്ന ഡോ. ജാഫറാണ് ഭർത്താവ്. മക്കൾ: നാസ്നീൻ, നദീം, നെയ്മ.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.