നാട്ടിലുള്ളവരുടെ റീ എൻട്രിയും ഇഖാമയും സൗജന്യമായി പുതുക്കൽ ആരംഭിച്ചു

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കി തുടങ്ങി.

2022 ജനുവരി 31 വരെയാണ് എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എ്രേത്യാപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, എസ്‌വതീനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്.
അതോടൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ സാധിക്കാത്തവരുടെ സന്ദര്‍ശക വിസകളും ജനുവരി 31 വരെ പുതുക്കി നല്‍കുന്നുണ്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിത്ത് വെബ്‌സൈറ്റ് വഴിയാണ് സന്ദര്‍ശക വിസ പുതുക്കിക്കിട്ടുന്നത്. പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും നമ്പറുകള്‍ ഈ പേജില്‍ നല്‍കിയാല്‍ പുതിയ വിസയുടെ പ്രിന്റ് ലഭിക്കും. ഇത് പാസ്‌പോര്‍ട്ടിനൊപ്പം നല്‍കി നിബന്ധനകള്‍ക്ക് വിധേയമായി സൗദിയിലേക്ക് വരാവുന്നതാണ്.

error: Content is protected !!