സസ്യലോകത്തേക്ക് ആറ് പുതിയ ഇനങ്ങളെ പരിചയപ്പെടുത്തി കാലിക്കറ്റിലെ ഗവേഷകര്‍

തേഞ്ഞിപ്പലം: പശ്ചിമഘട്ടത്തില്‍ നിന്നും വടക്കുകിഴക്കന്‍ ഹിമാലയനിരകളില്‍ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. ജസ്നേറിയെസിയെ കുടുംബത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ. അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഹെന്‍കെലിയ ജനുസ്സില്‍ പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഹെന്‍കെലിയ ഖാസിയാന എന്ന് പേരുനല്‍കി.  ഇതളുകളുടെ ഉള്‍വശത്തായുള്ള സ്തരങ്ങള്‍ ഇവയുടെ സവിശേഷതയാണ്. പഠനത്തിന്റെ വിശദാംശങ്ങള്‍ ‘അനല്‍സ് ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡി മാഡ്രിഡ് ‘ എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസ്സിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാല്‍സെറ്റ് താലൂക്കിലെ ചന്ദ്രേശ്വര്‍ മലയില്‍നിന്നും കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടുകൂടിയ സസ്യത്തിന് സോണറില കൊങ്കനെന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രൊഫ. സന്തോഷ് നമ്പി, ഗവേഷക തൃശ്ശൂര്‍ ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂണിവേഴ്സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര, എന്നിവരാണ് ഈ സസ്യത്തെ തിരിച്ചറിഞ്ഞത്. ഗവേഷണഫലം ജനീവയില്‍നിന്നുള്ള അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ ‘കന്‍ഡൊലിയ’യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടുക്കിജില്ലയിലെ സപുഷ്പിസസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രോജക്ടിന്റെ ഭാഗമായി ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹന്‍ ഡാനി ഫ്രാന്‍സിസ്, ദിവ്യ കെ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം മൂന്നു പുതിയ സസ്യങ്ങളെ ജില്ലയില്‍ നിന്ന് കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തില്‍ പെട്ട ഇമ്പേഷ്യന്‍സ് രക്തകേസര, ബര്‍മാനിയേസിയെ കുടുംബത്തില്‍പ്പെട്ട ബര്‍മാനിയ മൂന്നാറെന്‍സിസ്, ഒറോബാങ്കെസിയെ കുടുംബത്തില്‍ പെട്ട പാരസൊപൂബിയ രാഘവേന്ദ്രെ എന്നീ സസ്യങ്ങളെ യഥാക്രമം ആനമുടി, മൂന്നാര്‍, മതികെട്ടാന്‍ ചോല എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇമ്പേഷ്യന്‍സ് രക്തകേസര പേര് സൂചിപ്പിക്കുന്നതുപോലെ ചുവന്ന നിറത്തോടുകൂടിയ കേസരങ്ങളുള്ളതാണ്. ന്യൂയോര്‍ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സസ്യ വര്‍ഗീകരണ ജേണലായ ബ്രിട്ടോണിയയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ ഈ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാറില്‍ നിന്നും കണ്ടെത്തിയ ബര്‍മാനിയ മൂന്നാറെന്‍സിസിന്റെ പ്രധാന സവിശേഷതകള്‍ വീതി കുറഞ്ഞ ചിറകുകളോടു കൂടിയ പുഷ്പങ്ങളും, ഉള്ളിലേക്കു മടങ്ങിയിരിക്കുന്ന ഇതളരികുകളുമാണ്. 1909 ല്‍ എ. മീബോള്‍ഡ് പീരുമേട്ടില്‍ നിന്നും ശേഖരിച്ച  ബര്‍മാനിയ ഇന്‍ഡിക്ക എന്ന സസ്യത്തെ 110 വര്‍ഷങ്ങള്‍ക്കുശേഷം  മീനുളിയാന്‍പാറയില്‍ നിന്നും കണ്ടെത്തി എന്നതും ശ്രദ്ധേയമാണ്. ഇതേ കുറിച്ചുള്ള പഠന ഫലങ്ങള്‍ ന്യുസിലാന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സയുടെ   ജൂണ്‍ ലക്കത്തില്‍ ഇടം നേടിയിട്ടുണ്ട്.

പാരസൊപൂബിയ രാഘവേന്ദ്രെ എന്ന സസ്യത്തെ ഈ ജനുസ്സില്‍ പെട്ട മറ്റു സസ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ദളം, വിദളം, വിത്തുകള്‍ എന്നിവയുടെ പ്രത്യേകതകളാണ്. ഇന്ത്യന്‍ സസ്യശാത്രജ്ഞനായ ഡോ. ആര്‍. രാഘവേന്ദ്ര റാവുവിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ തന്നെ പ്രൊഫസര്‍ ആയ ഡോ. എ കെ പ്രദീപും മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിലെ സസ്യവൈവിധ്യത്തെ കുറിച്ച് പഠനം നടത്തുന്ന എസ്. ശ്യാം രാധും ഈ കണ്ടെത്തലിന്റെ ഭാഗമാണ്. അനല്‍സ് ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡി മാഡ്രിഡ് എന്ന അന്താരാഷ്ട്ര ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. സന്തോഷ് നമ്പിയും അഖിലും ചേര്‍ന്ന് വയനാട് ജില്ലയിലെ പെരിയയില്‍ നിന്നും എരിയോക്കോളന്‍  ജനുസ്സില്‍പെട്ട ഒരു സസ്യത്തെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സസ്യശാത്രജ്ഞനായ ഡോ. എം. സഞ്ജപ്പയോടുള്ള ബഹുമാന സൂചകമായി ഈ സസ്യത്തിന് എരിയോക്കോളന്‍ സഞ്ജപ്പേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്വീഡനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന നോര്‍ഡിക് ജേര്‍ണല്‍ ഓഫ് ബോട്ടണിയുടെ പുതിയ ലക്കത്തില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സസ്യങ്ങളെയെല്ലാം  സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ  പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!