Wednesday, August 6

സ്കൂൾ കലോത്സവം തൃശ്ശൂരിൽ, സ്കൂൾ തല മത്സരങ്ങൾ അടുത്ത മാസം മുതൽ

64-ാമത് കേരള സ്കൂ‌ൾ കലോത്സവം

കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കുട്ടുവാൻ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മഹാമേള കേരളത്തിൻറെ അഭിമാനമാണ്. കലാകേരളത്തിൻറെ ഏറ്റവും വലിയ പ്രദർശന മാമാങ്കമായ 64-ാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടക്കുന്നത്. കലോത്സവം നടന്നത്.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ആയതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതിരൂപീകരണം 12/08/2025-ൽ തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ചേരുന്നുണ്ട്.

സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ എന്നിവർ തെരഞ്ഞെടുക്കുന്നതാണ്.

തൃശ്ശൂരിൽ വച്ച് നടക്കുന്ന 64-ാമത് സംസ്ഥാന കലോത്സവം ഒരു വൻ വിജയമാക്കി തീർക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

2.പഴയ സ്കൂൾ കെട്ടിടം പൊളിക്കൽ

സംസ്ഥാനത്ത് പൊതു കെട്ടിടങ്ങളിൽ, വിശേഷിച്ച് സ്കൂൾ / ആശുപത്രി കെട്ടിടങ്ങളിൽ ഘടനാപരമായി ബലഹീനമായിട്ടുള്ളവയെ കുറിച്ച് പഠനം നടത്തി പൊളിച്ചുമാറ്റേണ്ടവയുടെ കാര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തിര തുടർ നടപടികൾ ആലോചിക്കുന്നതിന് 2025 ആഗസ്റ്റ് 5-ന് രാവിലെ 10.30 മണിക്ക് ഓൺലൈനായി ഒരു യോഗം വിളിച്ചു ചേർക്കുവാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രസ്തുത ഓൺലൈൻ യോഗത്തിൽ പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കർമ്മ പദ്ധതി തയ്യാറാക്കും.

3കേരള സ്കൂൾ കായികമേള 2025-26

   2025 – 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ ഒളിമ്പിക്സ് മാതൃകയിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.  2025 ഒക്ടോബർ 22 മുതൽ 27 വരെ നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 24,000ഓളം കുട്ടികളാണ് വിവിധ ഇവന്റുകളിലായി മാറ്റുരയ്ക്കുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ 2025 ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേവലം ഒരു മത്സരം എന്നതിലുപരിയായി കുട്ടികളിലെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും, കായിക വിനോദങ്ങളിലൂടെ മാനസിക പിരിമുറക്കങ്ങളെ ലഘൂകരിച്ച് കൊണ്ട് സ്പോർട്സിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുവാനുമുള്ള ഒരു മുന്നേറ്റമായി കായികമേള മാറിക്കൊണ്ടിരിക്കുകയാണ്.  കൂടാതെ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളിലെ കഴിവുകൾ പ്രൊഫഷണൽ തലത്തിൽ പ്രദർശിപ്പിക്കുവാനും കായികമേള അവസരം നൽകുന്നു.    2025-26 അദ്ധ്യയന വർഷത്തെ സംസ്ഥാന കായികമേളയിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് 20 വേദികളെങ്കിലും ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

  മുൻ വർഷം നടന്ന കേരള സ്കൂൾ കായികമേള കൊച്ചി ’24-നോട് അനുബന്ധിച്ച് ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, ബഹു.നിയമ വ്യവസായ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓർഗനൈസിംഗ് മീറ്റിംഗുകൾ സംഘടിപ്പിച്ചിരുന്നു. ബഹു.മേയർ, എം.പിമാർ, എം.എൽ.എമാർ, കായിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ഉൾപ്പടെ ഓർഗനൈസിംഗ് മീറ്റിംഗിൽ പങ്കെടുത്തിരുന്നു.  ഈ വർഷവും ഇത്തരത്തിൽ ഓർഗനൈസിംഗ് കമ്മിറ്റികൾ രൂപികരിക്കേണ്ടതും, മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ സബ്കമ്മിറ്റികൾ രൂപീകരിക്കേണ്ടതുമുണ്ട്.

കേരളത്തിന്റെ കൌമാര കായികപോരാട്ടത്തിൽ അണ്ടർ 14, 17, 19 കാറ്റഗറികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടക്കുന്ന വിവിധ മത്സരങ്ങളിൽ 24,000 ത്തോളം  കായിക താരങ്ങളാണ് അണിനിരക്കുന്നത്. സ്പോർട്സ് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുളള 39 കായിക ഇനങ്ങളിൽ നിന്നും 10000-ലധികം മത്സരങ്ങളാണ് അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഗെയിംസ് എന്നിങ്ങനെ വിവിധ ഇവന്റുകളായി നടത്തുവാനുള്ളത്.   കൂടാതെ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള ഇൻക്ല്യൂസീവ് സ്പോർട്സ് സ്കൂൾ കായികമേളയുടെ സർവ്വ പ്രധാന ഭാഗമാണ്.  ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന കായിക പ്രതിഭകളെ കൂടി കായികമേളയിൽ പങ്കെടുപ്പിക്കുന്നുണ്ട്.

   മുൻ വർഷം 2000 ടെക്നിക്കൽ ഒഫീഷ്യലുകളുടെയും, 500-ൽപ്പരം വോളന്റിയേഴ്സ്  മാരുടെയും സേവനം മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഉപയോഗപ്പെടുത്തിയിരുന്നു. കൂടാതെ പോലീസ്, ഫയർ ഫോഴ്സ്, കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവരുടെ സേവനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  മത്സരം നടന്ന മുഴുവൻ വേദികളിലും വിവിധ മെഡിക്കൽ ടീമുകളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കിയിരുന്നു. സ്പോർട്സ് മെഡിസിൻ/സ്പോർട്സ് ആയൂർവേദ/ ഹോമിയോപ്പതി ഉൾപ്പെടെയുളള വിവിധ വിംഗുകൾ പ്രവർത്തിച്ചിരുന്നു.  ഡോക്ടർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെ മുഴുവൻ സമയ സേവനം ലഭ്യമായിരുന്നു.  ആയതുപോലെ ഇക്കൊല്ലവും ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. 

കേരള സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ദീപശിഖാ പ്രയാണവും സംഘടിപ്പിക്കേണ്ടതുണ്ട്.  കൂടാതെ 2025 -26 അദ്ധ്യയന വർഷത്തെ കായികമേളയുടെ  ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാൻഡ് അംബാസിഡർ തുടങ്ങിയവ  നിശ്ചയിക്കേണ്ടതുണ്ട്.  കൂടാതെ ഉദ്ഘാടന ചടങ്ങിലെത്തുന്ന വിശിഷ്ട അതിഥികൾ, ദീപശിഖ തെളിയിക്കേണ്ട വിശിഷ്ട വ്യക്തികൾ എന്നിവരെ തീരുമാനിക്കേണ്ടതായിട്ടുമുണ്ട്.

കൂടാതെ മേളയിൽ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവ കരസ്ഥാമാക്കിയവർക്ക് യഥാക്രമം സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകൾ നൽകേണ്ടതുണ്ട്.  മെറിറ്റ് സർട്ടിഫിക്കറ്റ്, പ്രൈസ് മണി എന്നിവയും വിതരണം ചെയ്യേണ്ടതുണ്ട്.  മുൻ വർഷത്തെ പോലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തലപ്പാവുകൾ അണിയിക്കും.

സവിശേഷ പരിഗണന ആവശ്യമുളള കുട്ടികൾക്ക് ഭിന്നശേഷി സൗഹൃദമായ കായിക വേദികൾ സജ്ജീകരിക്കേണ്ടതുണ്ട്. കൂടാതെ ഇൻക്ല്യൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് തിരുവനന്തപുരത്തിന്റെ നഗര കാഴ്ചകൾ കാണാനും, അനുഭവിച്ചറിയാനും, കെ.എസ്.ആർ.ടി.സി. ലോ ഫേളാർ ബസികളിൽ  പ്രത്യേക യാത്രകൾ സംഘടിപ്പിക്കാവുന്നതാണ്.  മുൻ വർഷം ഇൻക്ല്യൂസീവ് മത്സരങ്ങളുടെ വിക്ടറി സെറിമണി ചടങ്ങിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം 112 സ്വർണ്ണം/112 വെളളി/ 112 വെങ്കലം മെഡലുകളും, മെറൂൺ, നീല, ഓറഞ്ച് തലപ്പാവുകളും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും, മെമന്റോയും വിതരണം ചെയ്തിരുന്നു. ഈ വർഷവും ഈ മാതൃക സ്വീകരിക്കും.

കഠിനമായ കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് ന്യൂട്രീഷ്യൻ മെനു പ്രകാരമുളള ഭക്ഷണം വിതരണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടാതെ കുട്ടികൾക്ക് ആവശ്യമായ താമസസൗകര്യം ക്രമീകരിക്കേണ്ടതും, താമസസ്ഥലം- മത്സരവേദി – ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലേക്കുളള യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. 

കായിക, കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ കായികമേളയുടെ സമാപന ചടങ്ങിൽ മുൻ വർഷത്തെപോലെ ജില്ലകളുടെ മാർച്ച് പാസ്റ്റ്, കുട്ടികളുടെ വർണ്ണാഭമായ വിവിധ കലാപ്രകടനങ്ങൾ, വെടിക്കെട്ട് എന്നിവ ഉൾപ്പെടുത്തുന്നത് മേളയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതാണ്. കൂടാതെ മുൻ വർഷത്തെപോലെ ബഹു. മുഖ്യമന്ത്രി കൂടി സമാപന സമ്മേളനത്തിന്റെ ഭാഗമാകുന്നത് മേളയെ കൂടുതൽ വർണ്ണഗാംഭീര്യമാക്കുന്നതാണ്. 

4.സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം – 2025-26

കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.റ്റിഐ. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വർഷംതോറും നടത്തിവരുന്നുണ്ട്. 2007 വരെ കലോത്സവത്തിന്റെ കൂടെ ആയിരുന്നു റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവവും നടന്നിരുന്നത്. എന്നാൽ 2008-09 അധ്യയന വർഷം മുതൽ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരുന്നു. 2025-26 അധ്യയന വർഷത്തെ 29-ാമത് സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വയനാട് ജില്ലയിൽ വച്ച് സെപ്റ്റംബർ 12-ാ ം തീയതി നടക്കുകയാണ്. പ്രസ്തുത കലോത്സവത്തിൽ ഏകദേശം 600 ഓളം മത്സരാർത്ഥികൾ പങ്കെടുക്കാറുണ്ട്.

ഈ വർഷത്തെ സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം, 12/09/2025 ന് രാവിലെ 8.30 ന് വയനാട് ഡയറ്റിൽ പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. നാല് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം 5.00 മണിക്ക് സുൽത്താൻ ബത്തേരി അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം നടക്കുന്നതാണ്.സമാപന സമ്മേളനത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽ
നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്.

സ്പെഷ്യൽ സ്കൂൾ കലോത്സവം ഇത്തവണ മലപ്പുറത്താണ്. നവംബർ 6 മുതൽ 8 വരെയാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം.

error: Content is protected !!