Monday, August 18

കൊണ്ടോട്ടി കോളേജിൽ നിന്നും ടൂർ പോയ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊച്ചി: കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നിന്നും വിനോദയാത്ര പോയ ബസും ലോറിയും പെരുമ്പാവൂരിൽ കൂട്ടിയിടിച്ച് അപകടം, മുപ്പതോളം പേർക്ക് പരിക്ക്. പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്നു അപകടം.
38 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ബസില്‍ ഉണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ആയിരുന്നു അപകടം. പെരുമ്പാവൂര്‍ സിംഗ്‌നല്‍ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതിരാവിലെ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടസമയത്ത് റോഡില്‍ ലൈറ്റുകളോ സിഗ്‌നലുകളോ പ്രവര്‍ത്തിച്ചിരുന്നില്ല എന്നും ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ നാളുകളായി പ്രവര്‍ത്തനരഹിതമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

നാൽപതോളം വിദ്യാർഥി കൾ ഉണ്ടായിരുന്നതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും കോളേജ് അധികൃതർ അറിയിച്ചു. പകരം ബസ് ഏർപ്പാടാക്കി നാട്ടിലെത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

error: Content is protected !!