ചേളാരി പോളിയിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം

ചേളാരി : തിരൂരങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ എസ്.എഫ്.ഐ, എം.എസ്.എഫ്. വിദ്യാർഥികൾ തമ്മിൽ സംഘർഷം. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ജാഥ കോളേജ് കാമ്പസിനുള്ളിൽ പ്രവേശിച്ചത് സംബന്ധിച്ചാണ് ഇരുവിദ്യാർഥിസംഘടനകളും ഏറ്റുമുട്ടിയത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe

പുറത്തുനിന്നുള്ള വിദ്യാർഥിസംഘടനകളുടെ പരിപാടികളും കൊടിതോരണങ്ങളും കാമ്പസിനകത്ത് പാടില്ലെന്ന പി.ടി.എ.യുടെയും സ്കൂൾ അധികൃതരുടെയും വിലക്ക് നിലനിൽക്കെ കാമ്പസിലേക്ക് എസ്.എഫ്.ഐ. ജാഥ പ്രവേശിച്ചതും കൊടിതോരണങ്ങൾ കെട്ടിയതുമാണ് സംഘർഷത്തിനിടയാക്കിയത്.

എസ് എഫ് ഐ ജാഥ ഉച്ചയ്ക്ക് 3 മണിക്ക് എത്തി 4 മണിക്ക് പോളി ടെക്നിക് സ്റ്റേജിൽ പരിപാടി തുടരവേ എം എസ് എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥി കൾ പ്രിൻസിപ്പലിന്റെ അനുമതി ഇല്ലാതെ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ചു രംഗത്ത് വന്നതോടെയാണ് പ്രശ്നമുണ്ടായത്. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റി. കയ്യാങ്കളിയിൽ എം എസ് എഫ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നിയാസ് ഉൾപ്പെടെ ഏതാനും വിദ്യാർത്ഥി കൾക്ക് പരിക്കേറ്റു.

അനധികൃത പരിപാടിയിൽ പങ്കെടുത്ത കോളേജിലെ എസ് എഫ് ഐ ക്കാരായ വിദ്യാർത്ഥി കൾക്കെതിരെ നടപടി വേണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. നേരത്തേ ക്യാമ്പസിൽ എം എസ് എഫിന്റെ കൊടി തോരണങ്ങൾ എസ് എഫ് ഐ പ്രവർത്തകരുടെ പരാതിയിൽ അഴിപ്പിച്ചിരുന്നെന്നും എം എസ് എഫ് ആരോപിച്ചു.

എന്നാൽ, ലഹരിക്കെതിരെ കാമ്പസ് മനസ്സുകളെ ജാഗരൂകരാക്കാൻ സംഘടിപ്പിച്ച പരിപാടി എം എസ് എഫുകർ അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു.

എസ്എഫ്ഐ ജില്ലാ ജാഥക്ക് നേരെയുണ്ടായ MSF അക്രമം വിദ്യാർത്ഥികളോടുള്ള വെല്ലുവിളി : എസ് എഫ് ഐ

എസ്എഫ്ഐ ജില്ലാ ജാഥ ചേളാരി പോളിടെക്നിക് കോളേജിൽ സ്വീകരണം ഒരുക്കുമ്പോഴാണ് എം എസ് എഫിന്റെ കോളേജ് യൂണിറ്റ് പ്രവർത്തകർ സംഘം ചേർന്നുകൊണ്ട് എസ്എഫ്ഐ ജാഥയെ തടയുകയും ജാഥാ ക്യാപ്റ്റൻ എം സജാദ് സംസാരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തത്. അതേസമയം തന്നെ കൊടികൾ വലിച്ചു താഴെ എറിയുകയും ജാഥ നടത്താൻ അനുവദിക്കില്ല എന്ന് വെല്ലുവിളി മുഴക്കുകയും ചെയ്തു. മയക്കുമരുന്നിനെതിരെയും , പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും, അരാഷ്ട്രീയതക്കും വർഗീയതക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ജില്ലാ ജാഥ ക്യാമ്പസുകളിലേക്ക് എത്തുന്നത്. ഈ ജാഥയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി പിന്തുണ എം എസ് എഫിന് ഭീഷണിയാകുമെന്ന് കരുതി മനപ്പൂർവ്വം അക്രമം ഉണ്ടാക്കുകയായിരുന്നു. എന്നാൽ എം എസ് എഫിന്റെ അക്രമങ്ങൾ അതിജീവിച്ച് ചേളാരി പോളിയിലെ വിദ്യാർത്ഥികൾ എസ്എഫ്ഐ ജാഥയെ ആവേശപൂർവം സ്വീകരിക്കുകയും ചെയ്തു. എസ്എഫ്ഐ ജില്ലാ ജാഥക്ക് നേരെ ബോധപൂർവ്വം എം എസ് എഫ് സൃഷ്ടിക്കുന്ന അക്രമങ്ങൾക്ക് എതിരെ ക്യാമ്പസുകളിൽ ശക്തമായ പ്രതിരോധം തീർക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൻ. ആദിൽ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം. സജാദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

error: Content is protected !!