പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റ്, സാങ്കേതിക തടസ്സം മാത്രമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു.

പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു. 

126 ദിവസമായി ശിഹാബ് യാത്ര തുടങ്ങിയിട്ട്. 3,200 കിലോമീറ്റർ ദൂരം ഇതിനകം ശിഹാബ് താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതൽ 40 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടുമില്ല. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുകയാണെന്നും ശിഹാബ് പറയുന്നുണ്ട്.

തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ലെന്നും അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും ആവശ്യപ്പെട്ട ശിഹാബ് തന്നോടൊപ്പം ഒരു യൂട്യൂബറും വന്നിട്ടില്ലെന്നും  മരണത്തിനും അല്ലാഹുവിന്റെ തീരുമാനത്തിനുമല്ലാതെ തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 
പാക്കിസ്താനില്‍ തന്നെ കാണാന്‍ ധാരാളം ആളുകള്‍ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ ശിഹാബ് ഇറാനും ഇറാഖും മൂന്നുമാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നിട്ടുണ്ടെന്നും നടന്ന് ഹജ്ജിന് പോകാനുള്ള വിസ സൗദി അറേബ്യയും നല്‍കിയതായും വീഡിയിയോയില്‍ ശിഹാബ് ചോറ്റൂർ പറയുന്നു. പാക്കിസ്താന്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. 

പഞ്ചാബ് ഷാഹി ഇമാമിന്‍റെ വാക്കുകള്‍ വെച്ചാണ് ഷിഹാബിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നത്. മലപ്പുറം വളഞ്ചേരിയിൽ നിന്ന് തുടങ്ങിയ കാൽനട യാത്രയ്ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ശിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.

ജൂണ്‍ രണ്ട് തുടങ്ങിയ യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ യാത്ര വാഗ അതിർത്തി വരെ എത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ എടുത്ത ശേഷമാണ് ശിഹാബിന്‍റെ യാത്ര. പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചില്ലെന്നും ശിഹാബ് വീഡിയോയിൽ പറയുന്നു.

error: Content is protected !!