പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.

കൊല്ലംന്മ കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായകാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.എസ് അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരിയില്‍ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീറിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (21) എന്നിവരാണു മരിച്ചത്.

നെടുമണ്‍ വാക്കനാട് കല്‍ച്ചിറയിലെ ആറ്റില്‍ കുളിക്കാനെത്തിയതാണ് അഞ്ചംഗ സംഘം. കാസര്‍കോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹില്‍ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍.
ശനിയാഴ്ച വൈകീട്ട് 4.45 നാണ് സംഘം കല്‍ച്ചിറ പള്ളിക്ക് സമീപം എത്തിയത്. കല്‍ച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കള്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാന്‍ കാല്‍വഴുതിയപ്പോള്‍, സ്‌റ്റേ കമ്പി എന്ന് തോന്നിച്ച വൈദ്യുതി ലൈനില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇത് കണ്ട അര്‍ജുന്‍ സമീപത്തെ കാട്ടില്‍നിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലും റിസ്വാന്റെ പിടിവിടുവിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൈകൊണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ അര്‍ജുനും ഷോക്കേല്‍ക്കുകയായിരുന്നു.
മറ്റുള്ളവര്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കവെയാണ് സുഹൃത്തുക്കള്‍ അപകടത്തില്‍പെട്ടത് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കെ.എസ്ഇ.ബി ഓഫിസില്‍ വിളിച്ചുപറഞ്ഞാണ് വൈദ്യുതി വിച്ഛേദിച്ചത്. 5.30ഓടെ മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് റിസ്വാന്റെ സഹോദരങ്ങള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സജാദ്. റിസ്വാന്‍ ടികെഎം കോളജ് എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റാണ്.
അര്‍ജുന്റെ മാതാവ് സുധ കൂട്ടക്കനി ഗവ. യു.പി സ്?കൂള്‍ അധ്യാപികയാണ്. സഹോദരി: ഡോ. അഞ്ജലി.

error: Content is protected !!