തിരൂരങ്ങാടി : ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ 3 ജംക്‌ഷനുകൾ വികസിപ്പിക്കുന്നു. കൊളപ്പുറം, ചേളാരി, പുത്തനത്താണി, ജംക്‌ഷനുകളാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരമാണ് പദ്ധതി തയാറാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. ഏതാണ്ട് 0.5 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ആറുവരിപ്പാത കടന്നു പോകുന്നതിന്റെ ഭാഗമായി വലിയ യാത്രാദുരിതം നേരിടാനിടയുള്ള ജംക്‌ഷനുകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.
കൊളപ്പുറം പരപ്പനങ്ങാടി – അരീക്കോട് സംസ്ഥാന പാതയുടെ ഭാഗമായുള്ളതാണ് ജംക്ഷൻ . കരിപ്പൂർ എയർ പോർട്ടിലേക്കുള്ള റോഡ് കൂടിയാണിത്. ഇവിടെ നിർമിച്ച സർവീസ് റോഡ് സൗകര്യപ്രദമല്ലെന്നാണ് പരാതി. മേൽപാലം നിർമിച്ചത് അനുയോജ്യ സ്ഥലത്തല്ലെന്നും പരാതിയുണ്ട്. ഇതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റി ഹൈക്കോടതി യിൽ കേസ് നൽകുകയും ചെയ്‌തിട്ടുണ്ട്.
കൊളപ്പുറം ഭാഗത്ത് എയർപോർട്ട് റോഡിലും വലിയ കുരുക്കുണ്ടാകും. ഇത് വിമാനത്താവള യാത്രക്കാരെ വരെ കാര്യമായി ബാധിക്കും. ഇവിടെയും മേൽപാതയുണ്ടെങ്കിലും കൂടുതൽ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
ചേളാരിയിൽ അടിപ്പാതയുണ്ടെങ്കിലും വീതി കുറവായതിനാൽ കടുത്ത യാത്രാ ദുരിതം നേരിടാനിടയുള്ള മേഖലയായാണ് വിലയിരുത്തപ്പെടുന്നത്.
പുത്തനത്താണിയിൽ തിരൂർ–തിരുനാവായ റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മേൽപാത മതിയാകാതെ വരുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇൗ വർഷം അവസാനത്തോടെ ആറുവരിപ്പാത ജില്ലയിൽ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
അനുമതി ലഭിക്കാൻ വൈകിയ ചില നിർമാണങ്ങൾ ഒന്നോ രണ്ടോ മാസം വൈകിയാലും പരമാവധി 2025 മാർച്ച് മാസത്തിനുള്ളിൽ ആറുവരിപ്പാത ഗതാഗത യോഗ്യമാകുമെന്നാണ് അധികൃതരുടെ ഉറപ്പ്. അതേസമയം, പ്രാദേശികമായി ഉയർന്നു വരുന്ന യാത്രാപ്രശ്നങ്ങൾക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുകൾക്കും പൂർണ പരിഹാരമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെടുന്നുണ്ട്.