മങ്കട: ഓൺലൈൻ ഗെയിമുമായി പിതാവിന്റെ എ.ടി.എം. കാർഡ് ബന്ധപ്പെടുത്തിയതിനാൽ പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടു. ഒരു ബാങ്കിന്റെ മാനേജർക്കാണ് എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. അക്കൗണ്ടിൽനിന്ന് 14 തവണയായാണ് പണം നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ഫോണിലേക്ക് വന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് എസ്.ബി.ഐ. ബാങ്കിന്റെ ആപ്പിൽനിന്ന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചത്. അപ്പോഴാണ് പതിനാലു തവണകളായി 7123 രൂപ പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സൈബർ സെല്ലിലും എസ്.ബി.ഐ. ബാങ്കിന്റെ കസ്റ്റമർ കെയറിലും വിളിച്ച് പരാതി നൽകി.
തുടർന്ന് വെള്ളിയാഴ്ച മങ്കട പോലീസിലും മങ്കടയിലെ എസ്.ബി.ഐ. ബ്രാഞ്ചിലും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ ഓൺലൈൻ ഗെയിമിനായി പ്ലേ സ്റ്റോറിലേക്ക് പണം പോയതായി ബോധ്യമായത്.