ഒരുവയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ശ്രീധരനെയും രണ്ടു സഹോദരിമാരെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് സ്വന്തം മക്കളായി വളർത്തിയ കാളികാവ് അടയ്ക്കാക്കുണ്ടിലെ തെന്നാടൻ സുബൈദയുടെ ജീവിതം ചലച്ചിത്രമാകുന്നു. മൂന്നുവർഷം മുൻപ് മരിച്ച സുബൈദയുടെ മാതൃകാജീവിതം ചലച്ചിത്രമാകുമ്പോൾ മക്കളായ ഷാനവാസിനും ശ്രീധരനും ഒരേ സന്തോഷം. സുബൈദ മരിച്ചദിവസം ശ്രീധരൻ ഫെയ്സ്‌ബുക്കിൽ കുറിച്ച വാക്കുകളിലൂടെയാണ് സമാനതകളില്ലാത്ത നന്മ പുറംലോകമറിയുന്നത്.
“എന്റെ ഉമ്മ മരിച്ചു, സ്വർഗീയ ജീവിതത്തിനായി എല്ലാവരും പ്രാർഥിക്കണം. എനിക്ക് ഒരു വയസ്സായപ്പോൾ അമ്മ മരിച്ചതാണ്. രണ്ട് ചേച്ചിമാരും ഉണ്ട്. അമ്മ മരിച്ച ദിവസംതന്നെ ഞങ്ങളെ മൂന്നുപേരെയും ആ ഉമ്മയും ഉപ്പയും കൊണ്ടുവന്ന് അവരുടെ വീട്ടിൽ താമസിപ്പിച്ചു. സ്വന്തം മക്കളായി കണ്ട് വിദ്യാഭ്യാസവും തന്നു വളർത്തി. ചേച്ചിമാർക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചു വിട്ടതും അവരാണ്. ആ ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തതു കൊണ്ടല്ല ഞങ്ങളെ വളർത്തിയത്. അവർക്കും മൂന്ന് മക്കളുണ്ട്. ചെറു പ്രായത്തിൽത്തന്നെ ഞങ്ങളെ കിട്ടിയിട്ടും ജാതി മാറ്റാൻ ശ്രമിച്ചിട്ടില്ല.
പെറ്റമ്മയെക്കാൾ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങൾക്ക് ഇവർ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്. ഇതിലെ ഈ ഉമ്മയാണ് മരിച്ചത്. അവസാനമായി ഒരു നോക്കുകാണാൻ കഴിഞ്ഞില്ല എന്ന വേദനയാണെനിക്ക്. ഇവരൊക്കെ ഞങ്ങളെ പഠിപ്പിച്ചത് ജാതിയിലും മതത്തിലുമൊന്നും കാര്യമില്ല, നന്മയാണ് വേണ്ടതെന്നാണ്’’-ഇതായിരുന്നു ശ്രീധരന്റെ കുറിപ്പ്.
വൃക്കകൾ തകരാറിലായി സുബൈദ ചികിത്സയിലായിരുന്നപ്പോൾ ശ്രീധരനെ അറിയിക്കരുത് എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. വിവരമറിഞ്ഞാൽ ജോലി ഉപേക്ഷിച്ച് ശ്രീധരൻ നാട്ടിലേക്കു പുറപ്പെടുമെന്ന് അറിയുന്നതുകൊണ്ടാണ് സുബൈദ ഇങ്ങനെ പറഞ്ഞത്.
മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന ലോകത്തിനു മുന്നിലേക്ക് സുബൈദയുടെ മാതൃകാജീവിതം ചലച്ചിത്രത്തിലൂടെ വരച്ചുകാണിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ സിദ്ദീഖ് പറവൂർ പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കൾ പുതുമുഖങ്ങളാണ്.
നർത്തകിയായ നിർമലയാണ് സുബൈദയുടെ വേഷമിടുന്നത്. ശ്രീധരന്റെ വേഷത്തിൽ സച്ചിൻ മംഗലാപുരവും അസീസ് ഹാജിയായി സുരേഷ് നെല്ലിക്കോടും വേഷമിടും. മജീദ് നീറാട് നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രാദേശിക ചരിത്ര സംയോജകൻ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടിയാണ്.