ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ

കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക്കുളള വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ക്രൂയിസറാണ് അപകടം സൃഷ്ടിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഫീലയാണ് റസാന്റെ മാതാവ്. മുഹമ്മദ് റിഷന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വിദേശത്തായിരുന്ന അബ്ദുറസാക്ക് അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്.

error: Content is protected !!