മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി ; പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ട് : പികെ കുഞ്ഞാലിക്കുട്ടി

Copy LinkWhatsAppFacebookTelegramMessengerShare

കര്‍ണാടക : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയെ അളക്കേണ്ടത് പേര് കൊണ്ടല്ല പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരോ മുസ്ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണ്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും, ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമുള്ള ബിജെപിയുടെ രാഷ്ട്രീയവും മതേതരമെന്നു പറയാന്‍ സാധിക്കില്ല, അത് മതവുമായി ബന്ധപെട്ടതാണ് എന്ന് മുസ്ലിം ലീഗ് കോടതിയില്‍ കേസ് വന്ന സമയത്ത് വാദിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞു പിടിച്ച് അതിന്റെ പേരുകള്‍ വച്ച് കൊണ്ട് മാത്രം മതേതരത്വം അളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മുസ്ലിം ലീഗിന്റെ മതേതരത്വ സ്വഭാവം തെളിയിക്കുന്ന പ്രവര്‍ത്തന രീതികളെ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹം മുസ്ലിം ലീഗിന്റെ മതേതരത്വത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ഹര്‍ജി നില നില്‍ക്കുന്നതല്ല എന്നതായിരുന്നു മുസ്ലിംലീഗിന്റെ വാദം .

ലീഗിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ദുഷ്യന്‍ ദാവെ,അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍,അഡ്വക്കേറ്റ് മുഹമ്മദ് ഷാഹ് തുടങ്ങിയവരൊക്കെ ഈ കേസില്‍ ഹാജരായിരുന്നു. ഇപ്പോള്‍ ഹര്‍ജിക്കാരന്‍ തന്നെ സുപ്രീം കോടതിയില്‍ നിന്നുള്ള കേസ് പിന്‍വലിച്ചിരിക്കുകയാണ്. 2021 ല്‍ കൊടുത്ത ഹര്‍ജി മുസ്ലിം ലീഗിന്റെ മറുപടി ലഭിച്ചതിനു ശേഷം വിജയ പ്രതീക്ഷ ഇല്ല എന്ന ബോധ്യത്തോടു കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സുപ്രീം കോടതി പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. മുസ്ലിം ലീഗ് ഈ കാലമത്രയും ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി ഈ കോടതി വിധി മാറിയിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!