മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകൾ നടക്കും.
അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയ-സാംസ്‌കാരി രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷച്ചുമതലയും വഹിച്ചിരുന്നു.എസ് എസ് എഫ് പ്രഥമ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. മൂത്ത സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാനത്തോടെയാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തുന്നത്. പ്രവർത്തകർക്കിടയിൽ ‘ആറ്റപ്പൂ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
കൊടപ്പനക്കൽ പി എം എസ് എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. 1947 ജൂണ് 15 ന് ആണ് ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. പത്തു വരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്‍ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്‍. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കുടുംബത്തിന്റെ കീഴിലുള്ള ദാറുൽ ഉലൂം സ്കൂളിന്റെ മാനേജരും ആയിരുന്നു.
കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.