നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം; ജില്ലയില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ നിലവില്‍ വന്നു
മലപ്പുറം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും മറ്റ് നടപടികള്‍ക്കുമായി മലപ്പുറം ജില്ലയില്‍ പുതിയ ജില്ലാതല അധികൃത സമിതിയും തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ചെയര്‍പെഴ്‌സണും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് ജില്ലാതല അധികൃത സമിതി. ഇതോടൊപ്പം ജില്ലയിലെ 12 നഗരസഭകളിലും 95 ഗ്രാമപഞ്ചായത്തുകളിലും പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു.
നഗരസഭാ തലത്തില്‍ നഗരസഭാ അധ്യക്ഷരും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരുമാണ് പ്രാദേശിക നിരീക്ഷണ സമിതിയുടെ ചെയര്‍പെഴ്‌സണ്‍മാര്‍. എല്ലായിടങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ കണ്‍വീനര്‍മാര...